കൊല്ലം,മലപ്പുറം കളക്ടർമാരുടെ വിവാദ ഉത്തരവുകളിൽ മുഖ്യമന്ത്രിക്ക് അതൃപ്തി

Saturday 24 April 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് കരുതലുമായി ബന്ധപ്പെട്ട് വിവാദ ഉത്തരവുകളിറക്കിയ കൊല്ലം, മലപ്പുറം ജില്ലാ കളക്ടർമാരുടെ നടപടിയിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം ആഘോഷങ്ങൾ പാടില്ലെന്നായിരുന്നു കൊല്ലം കളക്ടർ അബ്ദുൽ നാസറിന്റെ ഉത്തരവ്. വോട്ടെണ്ണൽ ദിവസത്തെ കാര്യം ജില്ലയിൽ തീരുമാനിക്കാനുള്ളതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതൊക്കെ സംസ്ഥാനതലത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി ആലോചിച്ചെടുത്ത് നടപ്പാക്കേണ്ടവയാണ്.

മലപ്പുറത്ത് ആരാധാനാലയങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ പാടില്ലെന്ന കളക്ടർ കെ.ഗോപാലകൃഷ്ണന്റെ ഉത്തരവിനെതിരെ വിവിധ മുസ്ലീം സംഘടനകൾ രംഗത്തെത്തി. റംസാൻ മാസത്തിൽവിശ്വാസികൾക്ക് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പള്ളിയിൽ പോകാനവസരമുണ്ടാവണം. യാതൊരു കൂടിയാലോചനയുമില്ലാതെയാണ് കളക്ടർ തീരുമാനമെടുത്തത്. പൊതു ഗതാഗതം ഉൾപ്പെടെയുള്ള വിഭാഗങ്ങളിലൊന്നും യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതിരിക്കുകയും പള്ളികളിൽ മാത്രം ആളുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസികൾക്ക് പ്രയാസമുണ്ടാക്കുമെന്നാണ് പരാതി. മതനേതാക്കളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി..