കലിംഗ കല്പിത സർവകലാശാലയ്ക്ക് ആഗോള അംഗീകാരം
ഭൂവനേശ്വർ: ലോകത്തെ മികവുറ്റ യൂണിവേഴ്‌സിറ്റികളുടെ മുൻനിരയിൽ സ്ഥാനം പിടിച്ച് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജി ('കിറ്റ് "). ഈ വർഷത്തെ ആഗോളതലത്തിലുള്ള 'ടൈംസ് ഹയർ എഡ്യൂക്കേഷൻ" ഇംപാക്ട് റാങ്കിംഗിൽ 201+ നിരയിൽ റാങ്ക് നേടിയിരിക്കുകയാണ് ഈ വിശ്വവിദ്യാലയം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് സമഗ്ര ഇംപാക്ട് റാങ്കിംഗ്.
അസമത്വങ്ങൾ ലഘൂകരിക്കുന്നതിൽ 86-ാം റാങ്കും ലക്ഷ്യങ്ങൾക്കായുള്ള പങ്കാളിത്തത്തിൽ 101+ റാങ്കുമുണ്ട് കലിംഗയ്ക്ക്. ഗുണമേന്മയാർന്ന വിദ്യാഭ്യാസം, സമാധാനം, നീതി, സ്ഥാപനത്തിന്റെ ശേഷി എന്നിവ മുഖ്യമാനദണ്ഡങ്ങളായുള്ള ശ്രേണിയിൽ 201+ റാങ്കിനും അർഹമായി.
കഴിഞ്ഞ വർഷം ഇംപാക്ട് റാങ്കിംഗിൽ 501+ സ്ഥാനമായിരുന്നു കലിംഗയ്ക്ക്. 'തൊഴിലിടം" ശ്രേണിയിൽ 'ടൈംസ് ഹയർ എഡ്യൂക്കേഷ"ന്റെ ഏഷ്യൻ അവാർഡും ലഭിച്ചിരുന്നു.
ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചുവെന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് കലിംഗസ്ഥാപകൻ ഡോ. അച്യുത സാമന്ത പറഞ്ഞു. മികവിലെന്ന പോലെ സാമൂഹ്യപ്രതിബദ്ധതയിലും ഊന്നൽ നൽകിയെന്നതിനുള്ള അംഗീകാരമാണിത്.