വൈദ്യുതി ജീവനക്കാരുടെ കൊവിഡ് വിവരം: കേന്ദ്രം റിപ്പോർട്ട് തേടി

Saturday 24 April 2021 12:34 AM IST

തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച വിവരങ്ങൾ പ്രതിവാര റിപ്പോർട്ട് ആയി നൽകാൻ കേന്ദ്ര ഊർജവകുപ്പ് ഡയറക്ടർ കെ.എസ്.ഇ.ബിയോടാവശ്യപ്പെട്ടു. കൊവിഡ്ബാധ സംബന്ധിച്ച വിവരങ്ങളും നൽകണം. എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദിഷ്ട മാതൃകയിൽ റിപ്പോർട്ട് അയയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് എല്ലാ ആഴ്ചയിലെയും രണ്ടാമത്തെ പ്രവൃത്തി ദിവസം റിപ്പോർട്ട് നൽകാൻ കെ.എസ്.ഇ.ബി പേഴ്സണൽ ഓഫീസർ യൂണിറ്ര് മേധാവികളോട് ആവശ്യപ്പെട്ടു.

അതേസമയം, ജീവനക്കാർക്കായി പ്രത്യേകം കുത്തിവയ്പ് കേന്ദ്രം തുടങ്ങാൻ കെ.എസ്. ഇ ബി തയ്യാറാകണമെന്ന് കെ.എസ്. ഇ.ബി ഓഫീസേഴ്സ് സംഘ് പ്രസിഡന്റ് എ.സതീഷ് കുമാറും ജനറൽ സെക്രട്ടറി യു.വി.സുരേഷും ആവശ്യപ്പെട്ടു.