വീണ്ടും ദുരിത ദിനങ്ങൾ
കൊല്ലം: കൊവിഡ് രണ്ടാം വ്യാപനം ശക്തമായതോടെ സാധാരണക്കാരുടെയും പാവങ്ങളുടെയും ജീവിതങ്ങളിൽ വീണ്ടും ദുരിതം നിറയുന്നു. ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ ജീവിതമാണ് ഏറെ കഷ്ടത്തിലായത്.
സാമ്പത്തിക പ്രസന്ധി രൂക്ഷമായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച് തുടങ്ങി. നിർമ്മാണ തൊഴിലാളികളിൽ വലിയൊരു വിഭാഗം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പണിയില്ലാതെ വീടുകളിൽ ഒതുങ്ങുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ വന്നതോടെ വൻകിട ടെക്സ്റ്റൈൽസുകളിലും ഷോപ്പിംഗ് മാളുകളിലും ജീവനക്കാരുടെ എണ്ണം കുറച്ചു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനൊപ്പം തിരക്കുള്ള സമയങ്ങളിൽ മാത്രമായി സർവീസ് ചുരുക്കിയതോടെ സ്വകാര്യ ബസ് ജീവനക്കാർക്ക് വരുമാനത്തിൽ നിന്ന് നിശ്ചിത വിഹിതം മാത്രമാണ് ശമ്പളമായി കിട്ടുന്നത്.
പൊതുസ്ഥലങ്ങളിൽ ജനങ്ങളുടെ സാന്നിദ്ധ്യം കുറഞ്ഞുതുടങ്ങി. അതുകൊണ്ട് തന്നെ ടാക്സികൾക്കും ഓട്ടോറിക്ഷക്കാർക്കും പഴയതുപോലെ യാത്രക്കാരെ കിട്ടുന്നില്ല. ജനത്തിരക്ക് കുറഞ്ഞതോടെ ചന്തകളിലെ എല്ലാത്തരം കച്ചവടക്കാരും കടുത്ത നഷ്ടത്തിലാണ്. മത്സ്യലഭ്യത കുറഞ്ഞ് തീരദേശമേഖല മൂന്ന് മാസത്തിലേറെയായി കടുത്ത പ്രതിസന്ധിയിലാണ്. എല്ലാത്തരം വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം കുത്തനെ ഇടിഞ്ഞു. അടുത്തിടെ അല്പം പച്ചപിടിച്ചുവന്ന വിനോദ സഞ്ചാരമേഖലയും വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നു. ട്യൂഷൻ സെന്ററുകൾ അടഞ്ഞതോടെ നൂറ് കണക്ക് ചെറുപ്പക്കാരുടെ വരുമാന സ്ത്രോതസ് അടഞ്ഞു. സ്വകാര്യ സ്കൂളുകൾക്ക് അടുത്ത അദ്ധ്യയനവർഷാരംഭം മുതൽ തുറക്കാമെന്ന പ്രതീക്ഷയും നഷ്ടമായിരിക്കുകയാണ്.