കുഴൽ കിണറിന്റെ സ്ഥാനം അതിപ്രധാനം
കൊല്ലം: ഭൂമിയുടെ ആഴങ്ങളിലുള്ള കാര്യങ്ങൾ കൃത്യമായി മനസിലാക്കുന്നത് പോലെ തന്നെ കുഴൽ കിണർ കുഴിക്കുന്ന സ്ഥലവും അതിപ്രധാനമാണ്. സെപ്ടിക് ടാങ്കിന്റെ ഓവർ ഫ്ലോ ടാങ്കിൽ നിന്ന് കുറഞ്ഞത് 15 അടി അകലെയെങ്കിലും ആയിരിക്കണം കുഴൽ കിണർ.
സെപ്ടിക് ടാങ്കിന്റെ ഓവർ ഫ്ലോ ടാങ്കിന് അടുത്തായാൽ മലിനജലം കുഴൽ കിണറിൽ കലരാനിടയാകും. 15 മുതൽ 20 അടി വരെ അകലമുണ്ടെങ്കിൽ ജലം സ്വാഭാവികമായും അരിച്ച് ശുദ്ധമാക്കപ്പെടും. കുഴൽ കിണറിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലത്ത് ചുറ്റും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. മറിച്ചായാൽ മലിനജലം കുഴൽ കിണറിന്റെ പൈപ്പിലേക്ക് അരിച്ചിറങ്ങും. തറനിരപ്പിൽ നിന്ന് 15 മീറ്റർ ആഴം മുതൽ താഴേക്ക് മാത്രമേ ജലം പ്രവേശിക്കാനുള്ള സുഷിരങ്ങൾ പൈപ്പിൽ ഇടാവൂ.
ജലലഭ്യതയ്ക്ക് ആനുപാതികമായ പമ്പ് വേണം ഘടിപ്പിക്കാൻ. കിണറിന്റെ 40 മുതൽ 60 ശതമാനം വരെ പാറയോ മറ്റ് കല്ലുകളോ ആണെങ്കിൽ ഈ ഭാഗത്ത് ജലലഭ്യത കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കുഴൽ കിണറുകളിൽ എയർ കംപ്രസർ പമ്പ് സ്ഥാപിച്ചാൽ ഉള്ള ജലം പൂർണമായും വലിച്ചെടുക്കാനാകും. അല്ലെങ്കിൽ പമ്പിനൊപ്പം കുഴൽ കിണറിനും കേടുപാടുണ്ടാകും.
മണ്ണിന്റെ ഘടന ശ്രദ്ധിക്കണം
നിർമ്മാണ ഏജൻസികളെ വിശ്വസിച്ചാണ് പലരും കുഴൽ കിണർ കുഴിക്കുന്നത്. നിർമ്മാണ ഏജൻസികൾ പലപ്പോഴും ഭൂമിയുടെ ആഴങ്ങളിലേക്ക് കടന്നുപോകുമ്പോൾ മണ്ണിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നില്ല.
നിശ്ചിത ആഴം കഴിയുമ്പോൾ മുതൽ താഴേക്ക് പൈപ്പിൽ ജലം പ്രവേശിക്കാനുള്ള സുഷിരങ്ങളിട്ട് തുടങ്ങുന്നതാണ് പൊതുരീതി. ഇത് ചേടിയുള്ള ഭാഗത്ത് നിന്ന് മലിനജലം പൈപ്പിലേക്ക് കടക്കാൻ ഇടയാക്കും. പൈപ്പിന് പുറത്ത് നല്ലവണ്ണം ഗ്രാവലും സുഷിരങ്ങളുടെ ഉപരിതലത്തിൽ രണ്ടാംഘട്ട അരിക്കലിനുള്ള നൈലോൺ വല പോലുള്ള അരിപ്പകൾ സജ്ജീകരിക്കാത്തതിനാൽ ചെറുപൊടികൾ പൈപ്പിൽ നിറയാൻ ഇടയാക്കും. ഇത് ജലത്തിന്റെ ഗുണനിലവാരത്തിനൊപ്പം പമ്പിനും കേടുപാട് സൃഷ്ടിക്കും.