ഗുജറാത്തിലെ എന്ന തരത്തിൽ പ്രചരിക്കുന്ന ഈ ചിത്രം കോഴിക്കോട് വെസ്റ്റ്ഹിൽ ശ്‌മശാനത്തിൽ നിന്നുളളത്, പകർത്തിയത് കൗമുദി ഫോട്ടോഗ്രാഫർ
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ രൂക്ഷമായതോടെ മൃതദേഹങ്ങൾ കൂട്ടത്തോടെ അടക്കം ചെയ്യുകയാണ് പലയിടത്തും. ഇത്തരത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ശ്‌മശാനത്തിൽ മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്യുന്ന ചിത്രം കേരളകൗമുദി ഏപ്രിൽ 20ന് പ്രസിദ്ധീകരിച്ചിരുന്നു. കേരളകൗമുദി കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫറായ രോഹിത് തയ്യിലാണ് ഈ ചിത്രം ക്യാമറയിലേക്ക് പകർത്തിയത്.
കോഴിക്കോട് കോർപ്പറേഷൻ കൊവിഡ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ മാത്രം ഒമ്പത് മൃതദേഹങ്ങളായിരുന്നു അന്ന് അടക്കം ചെയ്തത്. ഈ പ്രക്രിയ ഇപ്പോഴും തുടരുകയാണ്. എന്നാൽ വൈറലായ ഈ ചിത്രം പിന്നീട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഗുജറാത്തിൽ നിന്നുള്ള കാഴ്ച എന്ന തരത്തിലാണ് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്‌മശാനത്തിലെ ചിത്രം വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്.