ഓൺലെെൻ കുർബാന മതി, പളളികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം; സർക്കുലറുമായി ക്രൈസ്തവ സഭകൾ
Saturday 24 April 2021 4:53 PM IST
തിരുവനന്തപുരം: പള്ളികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വൈദികർക്കും വിശ്വാസികൾക്കും നിർദ്ദേശം നൽകി ക്രൈസ്തവ സഭകൾ. കെ.സി.ബി.സിയും യാക്കോബായ സഭയും ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. പള്ളികളിൽ ജനപങ്കാളിത്തം കുറയ്ക്കണമെന്ന് കെ.സി.ബി.സിയും വിശ്വാസികൾ ഓൺലൈനിലൂടെ കുർബാനയിൽ പങ്കെടുത്താൽ മതിയെന്ന് യാക്കോബായ സഭയും അറിയിച്ചു.
പെരുന്നാളുകളിൽ ആഘോഷങ്ങൾ ഒഴിവാക്കാൻ സഭ നിർദ്ദേശം നൽകി. കൊവിഡ് തീവ്രത കുറയുന്നത് വരെ ആരാധനാലയങ്ങളിൽ പ്രാർത്ഥനയുടെ ദൈർഘ്യം കൂടരുതെന്നും നിർദേശമുണ്ട്. കഴിയുന്നത്രയും, വിശ്വാസികൾ ഓൺലൈനിലൂടെ കുർബ്ബാനയിൽ പങ്കെടുത്താൽ മതി. കൊവിഡ് തീവ്രത കുറയുന്നത് വരെ വിവാഹം, മാമോദീസ ഉൾപ്പെടെയുള്ള കൂദാശകൾ നീട്ടിവയ്ക്കണമെന്നും സഭ നിർദ്ദേശിച്ചു.