പൂര വിളംബരത്തിനും ഉപചാരം ചൊല്ലൽ ചടങ്ങിലും ഇക്കുറി തിടമ്പേ‌റ്റി ഉയരക്കേമൻ എറണാകുളം ശിവകുമാർ

Saturday 24 April 2021 6:51 PM IST

തൃശൂ‌ർ: പൂരം വിളംബരം ചെയ്‌ത് നെയ്‌തലക്കാവ് ഭഗവതി എഴുന്നള‌ളിയത് ഇത്തവണ കൊച്ചിൻ ദേവസ്വംബോർഡിന്റെ ഉയരക്കേമൻ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയായിരുന്നു. ഇപ്പോഴിതാ പൂരത്തിന്റെ അവസാന ചടങ്ങായ ഉപചാരം ചൊല്ലി പിരിയുന്നതിനും പാറമേക്കാവ് ഭഗവതിയുടെ തിടമ്പേ‌റ്റാൻ അവസരം ലഭിച്ചിരിക്കുകയാണ് ശിവകുമാറിന്.

മുൻവർഷങ്ങളിൽ പൂരം വിളംബര ചടങ്ങ് നിർവഹിക്കാനും ആനപ്രേമികളെ ആവേശത്തിലാക്കാനും നെയ്‌തലക്കാവ് ഭഗവതി വന്നിരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറിയായിരുന്നു. എന്നാൽ ഇത്തവണ രാമചന്ദ്രന് വനംവകുപ്പ് അനുമതി നൽകാതെ വന്നതോടെ നെയ്‌തലക്കാവ് ഭരണസമിതി കൊച്ചിൻ ദേവസ്വത്തിലെ ആനകളിൽ ഏ‌റ്റവും ഉയരമുള‌ള ശിവകുമാറിന് അവസരം നൽകുകയായിരുന്നു.

ആൽമരം ഒടിഞ്ഞുവീണ് രണ്ടുപേർ മരണമടഞ്ഞ സംഭവമുണ്ടായതോടെ വെടിക്കെട്ട് ആഘോഷം ഒഴിവാക്കി ഇന്ന് പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങ് നടന്നപ്പോൾ തിരുവമ്പാടി വിഭാഗത്തിന് കൊമ്പൻ ചന്ദ്രശേഖരൻ തിടമ്പേ‌റ്റിയപ്പോൾ പാറമേക്കാവിന് വേണ്ടി തിടമ്പേ‌റ്റാൻ അവസരം ലഭിച്ചത് വീണ്ടും ശിവകുമാറിനാണ്. അങ്ങനെ പൂരത്തിന്റെ അവസാന ചടങ്ങായ ഉപചാരം ചൊല്ലലിലും ശിവകുമാർ പങ്കെടുത്തു.