നിയന്ത്രണങ്ങളിൽ വീഴാതെ പ്ലസ് ടു പരീക്ഷ

Sunday 25 April 2021 1:13 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്കിടയിലും ഇന്നലെ സംസ്ഥാനത്ത് പ്ളസ് ടു പരീക്ഷകൾ തടസമില്ലാതെ നടന്നു. 1.6 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കെത്തിയത്. ജ്യോഗ്രഫി, അക്കൗണ്ടൻസി, സോഷ്യൽ വർക്ക്, മ്യൂസിക്, ജിയോളജി വിഷയങ്ങളിലാണ് ഇന്നലെ പരീക്ഷകൾ നടന്നത്. സയൻസ് സ്ട്രീമിന് പരീക്ഷ ഇല്ലാത്തതിനാലും ജ്യോഗ്രഫി, അക്കൗണ്ടൻസി ഒഴിച്ചുള്ള വിഷയങ്ങളിൽ പരീക്ഷയെഴുതേണ്ടവരുടെ എണ്ണം കുറവായതിനാലും തിരക്ക് കുറവായിരുന്നു. പൊതുഗതാഗത സൗകര്യം പരിമിതമായിരുന്നതിനാൽ സ്വകാര്യ വാഹനങ്ങളിലാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്കെത്തിയത്. രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കാതെ മടങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നെങ്കിലും പലയിടത്തും അത് പാലിക്കപ്പെട്ടില്ല. സ്കൂൾ പരിസരത്ത് കാത്തുനിന്ന രക്ഷിതാക്കൾ പരീക്ഷയ്ക്ക് ശേഷം കുട്ടികളെയുംകൊണ്ടാണ് മടങ്ങിയത്. 26നാണ് പ്ലസ് ടു അവസാന പരീക്ഷ. 28ന് പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രാക്ടിക്കൽ മാറ്റണമെന്ന ആവശ്യം ശക്തമാകുമ്പോഴും പരീക്ഷ നടത്തുമെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.