നെന്മാറ- അയിലൂർ റോഡിൽ കുന്നുകൂടി മാലിന്യം
നെന്മാറ: നെന്മാറ-അയിലൂർ റോഡിൽ കൽമുക്കിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. പ്ലാസ്റ്റിക് കിറ്റുകളിലാക്കിയാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഇതിൽ നിന്നുള്ള ദുർഗന്ധം മൂലം വാഹന-കാൽനട യാത്രക്കാർ ഏറെ ദുരിതത്തിലാണ്. കൂടാതെ പക്ഷികൾ ഭക്ഷണാവശിഷ്ടം കൊത്തി സമീപത്തെ കിണറുകളിലും കുളങ്ങളിലും നിക്ഷേപിക്കുന്നതും പതിവാണ്.
പ്ലാസ്റ്റിക് കവറുകളും മറ്റും വില്പന നടത്തുന്നതും ഉപയോഗിക്കുന്നതിനും മാസങ്ങൾക്ക് മുമ്പ് നിരോധനം ഏർപ്പെടുത്തിയെങ്കിലും പ്രദേശത്തെ ഇവ സുലഭമാണ്. ഇത്തരം പ്ലാസ്റ്റിക് കവറുകളാണ് മാലിന്യ കൂമ്പാരത്തിൽ ഏറെയും. പഞ്ചായത്ത് അധികൃതർ നെന്മാറ ടൗണിൽ നിന്ന് വാഹനത്തിലെത്തി മാലിന്യം ശേഖരിക്കാറുണ്ടെങ്കിലും ടൗണിനോട് ചേർന്ന ഈ പ്രദേശങ്ങളിലെ മാലിന്യം നീക്കം ചെയ്യാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.
രാത്രിയാണ് വാഹനങ്ങളിലെത്തി ആളുകൾ മാലിന്യം തള്ളുന്നത്. ഭക്ഷണ മാലിന്യട തിന്നുന്നതിനെത്തുന്ന തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിച്ചത് ഇരുചക്ര വാഹനക്കാർക്ക് ഏറെ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നത്. മാലിന്യം നീക്കം ചെയ്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ബോധവൽക്കരണവും നിയമ നടപടിയും നടത്തുന്നതിന് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.