അഞ്ചുവർഷമായി വിളവില്ല; മാംഗോസിറ്റിയിൽ 700 മാവുകൾ മുറിച്ചുമാറ്റി

Monday 26 April 2021 12:12 AM IST
മുതലമട മാന്തോപ്പുകളിലെ വിളവില്ലാത്ത മാവുകൾ മുറിച്ചു മാറ്റുന്നു.

മുറിച്ചത് 30 വർഷം പഴക്കമുള്ള മാവുകൾ

കൊല്ലങ്കോട്: മുതലമടയിൽ പരിപാലനത്തിന് ലക്ഷങ്ങൾ ചിലവഴിച്ചിട്ടും അഞ്ചുവർഷമായി വിളവ് ലഭിക്കാത്ത 700 മാവുകൾ കർഷകർ മുറിച്ചുമാറ്റി. വെള്ളാരംകടവിലെ കർഷകരായ പി.എസ്.അബ്ദുൾ റഹ്മാൻ (രണ്ടേക്കർ), അബ്ദുൾ ഷുക്കൂർ (ആറേക്കർ), ജോണി (അഞ്ചേക്കർ) എന്നിവരുടെ തോട്ടങ്ങളിലെ 30 വർഷം പ്രായമുള്ള അൽഫോൺസ, ബംഗനപ്പള്ളി, സിന്ദൂരം, തോത്താപുരി എന്നീ ഇനം മാവുകളാണ് മുറിച്ചത്.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വിളവ് 90% കുറയുകയും ലഭിച്ച മാങ്ങയ്ക്ക് കീടബാധ കാരണം വില കുറയുന്നതും കർഷകരെ പ്രതിസന്ധിയിലാക്കി. ഈ സീസണിൽ വിളവിന്റെയും വിലയുടെയും കുറവ് മൂലം പാട്ടകർഷകർക്കുൾപ്പെടെ വൻ നഷ്ടമാണ് ഉണ്ടായത്. ഒരു സീസണിൽ 600 കോടിയോളം വിറ്റുവരവുള്ള വിപണിയാണ് മുതലമടയിലേത്. കഴിഞ്ഞ വർഷങ്ങളിൽ 10% മാത്രമാണ് വിറ്റുവരവ്.

ചെറുകിട കർഷകരിൽ നിന്ന് മാങ്ങകൾ ലേലത്തിലെടുത്ത കച്ചവടക്കാർക്കും ഇത്തവണ കനത്ത സാമ്പത്തിക നഷ്ടം സംഭവിച്ചു. ഗുണമില്ലായ്മ കാരണം വിദേശ രാജ്യങ്ങളിലും ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഇവ അയക്കുന്നതും പ്രതിസന്ധിയായി.

നാശത്തിന് കാരണം കൾട്ടാർ പ്രയോഗം

കൂടുതൽ വിളവ് ലഭിക്കുന്നതിന് മാന്തോപ്പുകളിൽ പ്രയോഗിച്ച കൾട്ടാർ എന്ന രാസവസ്തുവാണ് നാശത്തിന് കാരണം. ശരാശരിയേക്കാൾ അധിക വിളവ് ലഭിക്കുമെങ്കിലും മൂന്നുവർഷം കഴിഞ്ഞാൽ മാവിന്റെ തടിക്ക് ദോഷമായി ഭവിക്കുന്നതാണ് കൾട്ടാർ പ്രയോഗം. വേരിൽ പ്രയോഗിച്ചാൽ അത്യുല്പാദന ശേഷി ലഭിക്കുന്നതോടെ പാട്ടത്തിന് വിളവെടുപ്പ് നടത്തുന്ന കർഷകരാണ് കൾട്ടാർ ഉപയോഗിക്കുന്നത്.

തുടർന്ന് മതിയായ വളപ്രയോഗം,​ ജലസേചനം എന്നിവ നടത്താത്തത് മൂലമാണ് അത്യുല്പാദനം നടത്തിയ മാവുകൾ ഉണങ്ങി നശിക്കുന്നത്.

കീടനിയന്ത്രണത്തിന് ശാസ്ത്രീയ മാർഗം കൃഷി വകുപ്പിൽ നിന്ന് ലഭിച്ചില്ലെങ്കിൽ മുതലമടയിലെ മാവ് കൃഷിയെ രക്ഷിക്കാൻ കഴിയില്ല.

-എം.താജുദ്ദീൻ, ചെയർമാൻ, മാങ്ങ പ്രൊഡ്യൂസിംഗ് കമ്പനി.

മാവ് കൃഷിയെ നാണ്യവിളയായി അംഗീകരിക്കാത്തതിനാൽ ഇൻഷുറൻസ് പോലും ലഭിക്കാത്ത സ്ഥിതിയാണ്.

-തങ്കവേലു, കർഷകൻ.

വിവിധ കാരണങ്ങളാൽ മാവ് മുറിക്കുന്നതുൾപ്പെടെ കർഷകരുടെ പ്രശ്നം ഉന്നത തലത്തിലെത്തിക്കും. മാവ് കൃഷി പ്രോത്സാഹനത്തിന് നടപടിയുണ്ടാകും.

-എം.വി.വൈശാഖൻ, കൃഷി ഓഫീസർ, മുതലമട.