കുതിരാൻ തുരങ്കം തുറക്കുന്നത് നീളും
വടക്കഞ്ചേരി: വാഹന ഉടമകളും ഉപകരാറുകാരും സമരം പിൻവലിച്ചതോടെ വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാത നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കുതിരാൻ തുരങ്കം തുറക്കുന്നത് ഇനിയും നീളും. ആറുവരിപ്പാതയുടെ ഭാഗമായ കുതിരാൻ ഇരട്ടക്കുഴൽ തുരങ്കങ്ങളിലൊന്ന് ഉടൻ തുറക്കുമെന്ന ഉറപ്പ് ഏറെക്കാലമായി കേൾക്കുന്നുണ്ടെങ്കിലും ഇനിയും ജോലികളേറെ ബാക്കിയാണ്.
ഏപ്രിൽ 30നകം ഒരു തുരങ്കം തുറക്കുമെന്നാണ് കരാർ കമ്പനി ഹൈക്കോടതിയിൽ നൽകിയ ഉറപ്പ്. എന്നാൽ, ഒരാഴ്ച മുമ്പ് ടി.എൻ.പ്രതാപൻ എം.പി തുരങ്കം സന്ദർശിച്ചപ്പോൾ കരാർ കമ്പനി തീയ്യതി നീട്ടി. മേയ് 31നുള്ളിൽ തുറക്കുമെന്നാണ് കമ്പനി അധികൃതർ എം.പിയോട് പറഞ്ഞത്. ഓരോ തവണയും തീയ്യതികൾ നീട്ടുന്നത് ജോലി തീർക്കാൻ കഴിയില്ലെന്നതിന്റെ സൂചനയാണ്. ജോലി വളരെ പതുക്കെയുമാണ് നടക്കുന്നത്. കരാർ കമ്പനിയായ കെ.എം.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വാടകയ്ക്ക് എടുത്തിട്ടുള്ള വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ഉടമകൾക്കും ഉപകരാറുകാർക്കും കോടികൾ കുടിശ്ശിക നൽകാനുണ്ട്. കഴിഞ്ഞദിവസം കുടിശ്ശിക തുകയുടെ പാതി നൽകാമെന്ന ഉറപ്പിലാണ് ഇവർ നടത്തിക്കൊണ്ടിരുന്ന സമരം പിൻവലിച്ചത്. പണം നൽകാനായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങും.
പൂർത്തിയാകാനുള്ള ജോലികൾ
തുരങ്കത്തിന്റെ ഇരുവശത്തിലും പ്രവേശന ഭാഗത്ത് അപകട ഭീഷണിയായി നിൽക്കുന്ന പാറപൊട്ടിച്ചു നീക്കൽ രണ്ടുമാസമായി ജോലി നടക്കുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല. തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് മുകളിൽനിന്ന് മണ്ണിടിയാതിരിക്കാനായി ഇരുമ്പുവല വിരിച്ച് കോൺക്രീറ്റിംഗ് തുടങ്ങിയിട്ടില്ല. തുരങ്കത്തിന്റെ മുകളിൽ നിന്ന് വെള്ളം നേരിട്ട് ഒഴുകിയിറങ്ങാതിരിക്കാൻ വശങ്ങളിലൂടെ ചാൽനിർമ്മാണം തുടങ്ങിയിട്ടില്ല. കിഴക്കുഭാഗത്ത് കൺട്രോൾ സ്‌റ്റേഷൻ നിർമ്മാണം തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല. തുറക്കാൻ ഉദ്ദേശിക്കുന്ന ഇടതു തുരങ്കത്തിന്റെ ഉള്ളിൽ മേൽഭാഗത്ത് ഉരുക്കുപാളി ഘടിപ്പിച്ച് ഗ്യാൻട്രി കോൺക്രീറ്റിംഗ് തുടങ്ങിയിട്ടില്ല.