മതസൗഹാർദ്ദ സന്ദേശമായി അജേഷിന്റെ മട്ടൻ ശോർബ

Monday 26 April 2021 12:10 AM IST
തങ്കയം ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് അജേഷ് മട്ടൻ ശോർബ വിതരണം ചെയ്യുന്നു.

തൃക്കരിപ്പൂർ: റംസാൻ മാസത്തിൽ വ്രതശുദ്ധിയോടെ നോമ്പു നോക്കുന്ന മുസ്ലീം സഹോദരങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്ത ഇ.അജേഷിന്റെ സൽപ്രവൃത്തി മത സൗഹാർദ്ദത്തിന്റെ സന്ദേശമായി. തങ്കയം റേഷൻ ഷാപ്പ് ഉടമയായ അജേഷ് തങ്കയം ജുമാ മസ്ജിദിലെ ഒരു ദിവസത്തെ സമൂഹ നോമ്പുതുറ വിഭവം തന്റെ ചെലവിൽ വേണമെന്ന ആഗ്രഹം മസ്ജിദ് അധികൃതരെ അറിയിച്ചപ്പോഴാണ് കൊവിഡ് പ്രൊട്ടോക്കോൾ മാനദണ്ഡം പാലിക്കേണ്ടതുകൊണ്ട് പള്ളികളിൽ പതിവുപോലെ സമൂഹ നോമ്പുതുറ ഈ വർഷം ഇല്ലെന്നറിഞ്ഞത്. പകരം ഓട്ട്സ്, ചിക്കൻ ശോർബ, മട്ടൻ ശോർബ, കബ്സ, പയറും കഞ്ഞിയും തുടങ്ങിയ വിഭവങ്ങൾ ഉദാരമതികളുടെ സഹകരണത്തോടെ പള്ളിയുടെ പരിധിയിലുളള വീടുകളിൽ വിതരണം ചെയ്യുകയാണ് ഇത്തവണ. എന്നാൽ അത്തരത്തിലൊരു ചടങ്ങ് തന്റെ ചെലവിൽ നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച അജേഷിനെ പള്ളി കമ്മിറ്റി സന്തോഷപൂർവ്വം സ്വാഗതം ചെയ്യുകയായിരുന്നു.

അതുപ്രകാരം റംസാൻ കാലത്തെ സൗദി അറേബ്യൻ വിശിഷ്ട വിഭവമായ മട്ടൻ ശോർബ (ആട്ടിറച്ചി ചേർത്തുള്ള കഞ്ഞി) പാകം ചെയ്ത് മഹല്ല് പരിധിയിലെ മുസ്ലീം വിശ്വാസികൾക്ക് വിതരണം ചെയ്ത് മാതൃകയാകുകയായിരുന്നു അജേഷ്. ജമാഅത്ത് ജനറൽ സെക്രട്ടറി എ.ജി.സി ഷംശാദ്, ജോയിന്റ് സെക്രട്ടറി കെ. ഷുക്കൂർ, കമ്മിറ്റി അംഗങ്ങളായ വി.പി. ഹസെെനാർ ഹാജി, കെ. ആശിഖ്, എൻ.കെ.പി സക്കരിയ തുടങ്ങിയവർ അജേഷിന്റെ സദുദ്യമത്തിൽ സഹകരിച്ചു.