കൊവിഡിനെ തുരത്താൻ നാട് വീട്ടിലിരുന്നു
പത്തനംതിട്ട : രണ്ടു ദിവസവും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ജില്ലയും പാലിച്ചു. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകളിൽ ശനിയാഴ്ചയിലേക്കാളും ഇന്നലെ ആളുകൾ കുറവായിരുന്നു. സ്വകാര്യ ബസുകൾ മിക്കതും സർവീസ് നടത്തിയില്ല. മരുന്ന് കടകൾ, മത്സ്യം, മാംസം, പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമാണ് തുറന്നത്. നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ച സമീപനമാണ് പൊതുവെ കണ്ടത്. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു.
കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിന് 24ന് വൈകുന്നേരം മുതൽ 25ന് വൈകുന്നേരം നാലു വരെ 91 കേസുകളിലായി 91 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി അറിയിച്ചു. 13 വാഹനങ്ങൾ പിടിച്ചെടുത്തു. നിയന്ത്രണം ലംഘിച്ച് തുറന്ന നാല് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞുവന്ന ഒരാൾക്കെതിരേ നിബന്ധനകൾ ലംഘിച്ചതിന് കേസെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 708 പേർക്കും സാമൂഹിക അകലം പാലിക്കാത്തതിന് 284 പേർക്കുമെതിരെ പെറ്റികേസ് ചാർജ് ചെയ്തു.
കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കൽ
പഞ്ചായത്തുകളിൽ നിരോധനാജ്ഞ
പത്തനംതിട്ട : കൊവിഡ് രൂക്ഷമായ കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കൽ പഞ്ചായത്തുകളിൽ ഇന്നലെ അർദ്ധരാത്രി മുതൽ ഏപ്രിൽ 30ന് അർദ്ധരാത്രി വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ കൂട്ടംകൂടുന്നത് നിരോധിച്ചു. വിവാഹ, മരണ ചടങ്ങുകൾക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകൾക്കും 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ബസ് സ്റ്റാൻഡുകൾ, പൊതുഗതാഗതം, തൊഴിലിടങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ (പാഴ്‌സലുകൾ മാത്രം), തിരഞ്ഞെടുപ്പ് സംബന്ധമായ ആവശ്യങ്ങൾ, പരീക്ഷകൾ, വ്യാപാര വാണിജ്യ ആവശ്യങ്ങൾ മുതലായ സ്ഥലങ്ങളിൽ കൃത്യമായും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ജനങ്ങൾ മാസ്‌കുകൾ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകയും വേണം.
വാക്‌സിൻ : ഓൺലൈൻ
രജിസ്‌ട്രേഷൻ ഇന്ന് മുതൽ
പത്തനംതിട്ട: ജില്ലയിൽ കൊവിഡ് വാക്‌സിൻ ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഏപ്രിൽ 26, 27, 28 തീയതികളിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാകില്ല. ആദ്യഡോസ് വാക്‌സിൻ എടുക്കാനുള്ളവർക്കും രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവർക്കും ഓൺലൈനായി cowin.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ചെറിയ കേന്ദ്രങ്ങളിലേക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും താലൂക്ക് ആശുപത്രി പോലെയുള്ള വലിയ കേന്ദ്രങ്ങളിലേക്ക് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. ജില്ലയിൽ 63 സർക്കാർ സ്ഥാപനങ്ങളാണ് വാക്‌സിൻ വിതരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്റെയും വോളന്റിയർമാരുടെയും സേവനം ഉണ്ടാകും.