ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിന് കൊടിയേറി
ചന്ദനപ്പള്ളി: സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി. രാവിലെ 7 ന് വികാരി ഫാ.വർഗീസ് കളീക്കൽ കുർബ്ബാന അർപ്പിച്ചു. കുര്യൻ വർഗീസ് കോർ എപ്പിസ്‌കോപ്പ സഹകാർമ്മികനായിരുന്നു. വിശുദ്ധ സഹദായേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ എന്നു പ്രാർത്ഥിച്ചു കൊണ്ട് വികാരി പള്ളിയങ്കണത്തിലെ സ്വർണകൊടിമരത്തിൽ കൊടി ഉയർത്തി. വൈകിട്ട് കൽകുരിശടിയിലും ഭവനങ്ങളിലും കൊടിയേറ്റ് നടന്നു. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, ഫാ.ഇടിക്കുള ഡാനിയേൽ, ഫാ. ജേക്കബ് ബേബി, ഫാ.ജേക്കബ് ഡാനിയേൽ, ഫാ.ഷൈജു ചെറിയാൻ, ട്രസ്റ്റി ടി.കെ.വർഗീസ്, സെക്രട്ടറി ജോയൻ ജോർജ്ജ്, ഡോ. ജോർജ്ജ് വർഗീസ് കൊപ്പാറ, ജോൺസൺ വടശ്ശേരിയത്ത് എന്നിവർ നേതൃത്വം നല്കി.
മെയ് 7നും 8 നും ആണ് പ്രധാന പെരുന്നാൾ. 7 ന് 7.30 ന് ഡോ. തോമസ് മാർ അത്താനാസിയോസിന്റെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന, 9.30 ന് പൊന്നിൻകുരിശ് സമർപ്പണം, 10 ന് കൽക്കുരിശിങ്കൽ നിന്ന് സെന്റ് ജോർജ്ജ് ഷ്രയിൻ എഴുന്നെള്ളിപ്പ്, 4.30ന് ജംഗ്ഷനിൽ തീർത്ഥാടകർക്ക് സ്വീകരണം, 6 ന് സന്ധ്യാനമസ്‌കാരം. കുര്യാക്കോസ് മാർ ക്ലിമ്മീസ് , ഡോ.തോമസ് മാർ അത്താനാസിയോസ് എന്നിവർ നേതൃത്വം നല്കും. 8 ന് രാവിലെ 6ന് ചെമ്പിൽ അരിയിടീൽകർമ്മം. 7.30 ന് കുര്യാക്കോസ് മാർ ക്ലിമ്മീസ് , ഡോ.മാത്യൂസ് മാർ സേവേറിയോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് എന്നിവരുടെ കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബ്ബാന. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് തീർത്ഥാടക സംഗമവും പുതുപ്പാടി സെന്റ് പോൾസ് ആശ്രമം സുപ്പീരിയർ സിൽവാനോസ് റമ്പാന് അനമോദനവും. വൈദിക ട്രസ്റ്റി ഫാ.എം.ഒ.ജോൺ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ചിറ്റയം ഗോപകുമാർ, വീണാജോർജ്ജ്, റോബിൻ പീറ്റർ എന്നിവർ പ്രസംഗിക്കും. 3 ന് റാസ, 5 ന് ചന്ദനപ്പള്ളി ചെമ്പെടുപ്പ്.