പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണം: ശാസ്ത്രസാഹിത്യ പരിഷത്ത്
തിരുവനന്തപുരം: കൊവിഡ് വ്യാപനം ഗുരുതരമായ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകളും എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവയ്ക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
തിയറി പരീക്ഷയ്ക്ക് ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മതിയാവില്ല. രസതന്ത്രം, ജീവശാസ്ത്രം പോലുള്ള പരീക്ഷകൾക്ക് കൈ ഉപയോഗിച്ചും വായ് ഉപയോഗിച്ചും പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങളുണ്ട്. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന പരീക്ഷകളിൽ മൗസ്, കീബോർഡ് എന്നിവ ശുചിയാക്കുന്നതിലും ഇതേ പ്രശ്നമുണ്ട്. മാത്രമല്ല അദ്ധ്യാപകർ കുട്ടിയുടെ സമീപത്ത് ചെന്ന് നിർദ്ദേശം നൽകണം.
ഈ സാഹചര്യത്തിൽ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളും എസ്.എസ്.എൽ.സി ഐ.ടി പരീക്ഷയും മാറ്റിവയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ. പി. മുരളീധരൻ, ജനറൽ സെക്രട്ടറി രാധൻ കെ എന്നിവർ ആവശ്യപ്പെട്ടു.