റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് സംഘടനകൾ

Monday 26 April 2021 12:00 AM IST

തിരുവനന്തപുരം: സർക്കാരിനോടും വകുപ്പ് മേധാവികളോടും ചർച്ച ചെയ്യാതെ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ച് റേഷൻ വ്യാപാരികളുടെ സംഘടനകൾ. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെയും ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയുമായാണ് സമയം പുനഃക്രമീകരിച്ചത്. പുതിയ സമയക്രമം തിങ്കളാഴ്ച മുതൽ നിലവിൽ വരുമെന്ന് സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കാർഡ് ഉടമകളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് സംഘടനകൾ പറയുന്നു. സമയമാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് ഡയറക്ടർക്ക് സംഘടനകൾ കത്ത് നൽകിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ഇതോടെയാണ് സംഘടനകൾ നേരിട്ട് സമയം നിശ്ചയിച്ചത്. സിവിൽ സപ്ലൈസ് ഡയറക്ടറാണ് റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിക്കേണ്ടത്. ഇത് മറികടന്ന് സംഘടനകൾ പ്രഖ്യാപിച്ച സമയക്രമം ചട്ടലംഘനമാണെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയും ഉച്ചക്ക് രണ്ട് മുതൽ ഏഴ് വരെയുമായാണ് റേഷൻ കടകളുടെ പ്രവർത്തന സമയം. ഉത്തരവില്ലാതെ കടകൾ അടയ്ക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസെക്രട്ടറി പി. വേണുഗോപാൽ അറിയിച്ചു.