നിഴൽ പോലെ നിരോധനാജ്ഞ

Monday 26 April 2021 12:02 AM IST

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലൂടെ മാത്രം കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സാദ്ധ്യത. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട പ്രദേശങ്ങളുടെ നിർദ്ദേശം സമർപ്പിക്കാൻ ജില്ലാ ഭരണകൂടം പൊലീസിനും ആരോഗ്യവകുപ്പിനും നിർദ്ദേശം നൽകി.

ടെസ്റ്റ് പോസിറ്റിവിറ്റി 20 മുകളിലുള്ള പ്രദേശങ്ങളാണ് നിരോധനാജ്ഞയുടെ നിഴലിൽ നിൽക്കുന്നത്. സ്ഥിരമായി ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്നതിന് പുറമേ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥിരം ആൾക്കൂട്ടം,​ കൂടുതലാളുകൾ തടിച്ചുകൂടുന്ന ചന്തകൾ എന്നിവ കൂടി പരിഗണിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. ഇവിടെ പരിശോധനയും വ്യാപകമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി പത്തിൽ കൂടുതലുള്ള വാർഡുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്താനും തീരുമാനമുണ്ട്.

 കുലശേഖരപുരത്ത് നിരോധനാജ്ഞ, പിന്നാലെ തഴവ

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ രൂക്ഷമായ കൊവിഡ് വ്യാപനം കണക്കിലെടുത്ത് 144 വകുപ്പ് പ്രകാരം കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറ് മുതൽ മേയ് രണ്ടിന് രാവിലെ ആറുവരെയാണ് നിരോധനാജ്ഞ. കൊവിഡ് വ്യാപനം അതിരൂക്ഷമായ തഴവ പഞ്ചായത്തിൽ ഉടൻ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച ശുപാർശ ആരോഗ്യവകുപ്പ് ജില്ലാഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.

 തദ്ദേശ സ്ഥാപനങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റിയും

ഏരൂർ: 20 %

പുനലൂർ മുനിസിപ്പാലിറ്റി: 17 %

തെന്മല: 20 %

പൂയപ്പള്ളി: 25 %

കുലശേഖരപുരം: 21 %

ഇളമാട്: 20 %

 ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി ഇന്നലെ: 15.64 %

''

കൊവിഡ് വീണ്ടും വർദ്ധിച്ചാൽ നിയന്ത്രണം കടുപ്പിക്കേണ്ടവരും. പൊലിസിന്റെയും ആരോഗ്യവകുപ്പിന്റെയും റിപ്പോർട്ട് തേടിയിട്ടുണ്ട്.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ