നടൻ ആദിത്യൻ ജയനെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി

Monday 26 April 2021 12:08 AM IST

തൃശൂർ: നടി അമ്പിളി ദേവിയുടെ ഭർത്താവും സീരിയൽ നടനുമായ ആദിത്യൻ ജയനെ കൈഞരമ്പ് മുറിച്ച നിലയിൽ കാറിൽ കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയ ഇദ്ദേഹം അപകടനില തരണം ചെയ്തെന്നാണ് സൂചന.
ഇന്നലെ വൈകിട്ട് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപത്താണ് കാറിൽ ആദിത്യൻ ജയൻ തളർന്നു കിടക്കുന്നത് കണ്ടത്. വഴിയാത്രക്കാർ ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായി പരിശോധനയിൽ കണ്ടെത്തി. പത്ത് ഉറക്ക ഗുളികകൾ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി.

ഞരമ്പിൽ ആഴത്തിൽ മുറിവേൽക്കുകയോ രക്തം നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. തൃശൂരിലെ ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലി, അമ്പിളി ദേവിയുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങൾ അടുത്തിടെ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ആദിത്യൻ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്നും വിവാഹമോചനം ആവശ്യപ്പെട്ട് കുഴപ്പങ്ങളുണ്ടാക്കിയെന്നും അമ്പിളി ദേവി ആരോപിച്ചിരുന്നു.

ആദിത്യന്റെ പ്രത്യാരോപണങ്ങളും ഉയർന്നിരുന്നു. അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ജയൻ പ്രതികരിച്ചത്. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങൾക്കിടയിലുണ്ടായതെന്നും അത് വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുതെന്നും ജയൻ പറഞ്ഞിരുന്നു.