അന്ത്യ വിധി കാത്ത് കട്ടപ്പുറത്ത് 1760 കെ.എസ്.ആർ.ടി.സി ബസുകൾ

Monday 26 April 2021 12:46 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നിരത്തുകളിൽ നിന്ന് ഒഴിവാക്കിയ 1760 ബസുകളെ ഡിപ്പോകളിൽ നിന്നും കോർപ്പറേഷന്റെ അധീനതയിലുള്ള 11 കേന്ദ്രങ്ങളിലേക്ക് മാറ്റി. വിദഗ്ദ്ധ സമിതി പരിശോധിച്ച ശേഷം ഇതിൽ ഭൂരിഭാഗവും സ്ക്രാപ് ചെയ്തു വിൽക്കും. ബാക്കിയുള്ളവയിൽ മികച്ചവ നിരത്തിലിറക്കും. അല്ലാത്തവ 'വീൽ ഓൺ ഷോപ്പ്' ആയി മാറ്റും.

കൊവി‌ഡിന്റ രണ്ടാം തരംഗത്തോടെ ബസ് സർവീസുകൾ കുത്തനെ കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് എം.ഡി ബിജു പ്രഭാകറിന്റെ നിർദേശ പ്രകാരമാണ് സർവീസിനയക്കാത്തതിൽ 1760 ബസുകളെ ഈ‍ഞ്ചയ്ക്കൽ,​ എടപ്പാൾ,​ ആലുവ,​ പാറശാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റിയത്. എൻജിനിറിയിംഗ് കോളേജ് പ്രതിനിധി, വർക്ക് ഷോപ്പ് മാനേജർ, വെഹിക്കിൾ സൂപ്പർവൈസർ, മോട്ടോർ വെഹിക്കിൾ വകുപ്പിൽ നിന്നും വിരമിച്ച മെക്കാനിക്കൽ എൻജിനിയർ എന്നിവരുൾപ്പെട്ട വിദഗ്ദ്ധ സമിതി ബസുകൾ പരിശോധിക്കും. കൊവിഡിനു ശേഷം പരമാവധി 3,300 ബസുകളാണ് സർവീസ് നടത്തിയത്. 500 അധിക ബസുകൾ കൂടി സർവീസിനായി യൂണിറ്റ് ഓഫിസർമാർക്ക് നൽകിയിട്ടുണ്ട്. ബാക്കിയുള്ളവ കണ്ടീഷനാക്കുന്നതിന് ഓരോ ജില്ലയിലേയും അസി. വർക്ക് മാനേജർക്ക് നൽകും.

460 പുതിയ

ബസുകൾ വരുന്നു

310 സി.എൻ.ജി,​ 50 ഇലക്ട്രിക് ഉൾപ്പെടെ 460 ബസുകൾ പുതിയതായി കെ.എസ്.ആർ.ടി.സി വാങ്ങും ടെൻ‌ഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്.

പരിശോധനയ്ക്കായി മാറ്റിയ ബസുകൾക്ക് സ്പെയർ പാർട്സ് വാങ്ങണമെങ്കിൽ 10 കോടി വേണം. ടയർ,​ ബാറ്ററി തുടങ്ങിയവയ്ക്കായി 12 കോടി വേറെയും . ​സർവീസിനയക്കാത്ത ബസുകളിൽ ഡീസൽ നിറച്ച ശേഷം ഊറ്റിയെടുത്തുളള തട്ടിപ്പും വ്യാപകമാണെന്ന് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു.

ഇന്നലെ കെ.എസ്.ആർ.ടി.സി 1923 ഷെഡ്യൂളുകൾ നടത്തിയെങ്കിലും യാത്രക്കാരില്ലാത്തതിനാൽ രാവിലെ 11ഓടെ പകുതിയോളം നിറുത്തിവച്ചു. ഒരു കോടി ഒരു ലക്ഷം രൂപയാണ് കളക്ഷൻ. ശനിയാഴ്ച ഇത് 3.33 കോടിയായിരുന്നു