ആശങ്കയുടെ ഗ്രാഫ് മേലോട്ട്; പിൻവലിഞ്ഞ് വിദേശ നിക്ഷേപം

Monday 26 April 2021 3:11 AM IST

കൊച്ചി: കൊവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് അതിശക്തമായി കടന്നതോടെ, ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് വിദേശ നിക്ഷേപകൻ പിൻവലിയുന്നു. ഈമാസം 23 വരെയുള്ള കണക്കുപ്രകാരം 7,622 കോടി രൂപയാണ് അവർ ഇന്ത്യയിൽ നിന്ന പിൻവലിച്ചത്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഈമാസം ഇതിനകം 8,674 കോടി രൂപ ഓഹരി വിപണികളിൽ നിന്ന് തിരിച്ചെടുത്തിരുന്നു. എന്നാൽ 1,052 കോടി രൂപയുടെ കടപ്പത്രങ്ങൾ അവർ വാങ്ങിയതോടെയാണ്, ആകെ നഷ്‌ടം 7,622 കോടി രൂപയായത്.

ജനുവരിയിൽ 14,642 കോടി രൂപ, ഫെബ്രുവരിയിൽ 23,663 കോടി രൂപ, മാർച്ചിൽ 17,304 കോടി രൂപ എന്നിങ്ങനെ നിക്ഷേപിച്ച ശേഷമാണ് കൊവിഡ് വ്യാപനത്തിൽ ആശങ്കപ്പെട്ട് ഈമാസം വിദേശ നിക്ഷേപകർ പിന്മാറ്റം തുടങ്ങിയത്. 2020ൽ കൊവിഡ് വ്യാപനം മൂലം ഇന്ത്യയുടെ ജി.ഡി.പി വളർച്ച നെഗറ്റീവ് തലത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. കൊവിഡ് കേസുകൾ കുറയുകയും സമ്പദ്‌വളർച്ച മെല്ലെ കരകയറുകയും ചെയ്യുന്നതിനിടെയാണ്, അപ്രതീക്ഷിതമായി കൊവിഡ് രണ്ടാംതരംഗത്തിലേക്ക് കടന്നത്. കേസുകൾ വരുംനാളുകളിലും കൂടുമെന്നാണ് വിലയിരുത്തലുകൾ.

ജി.ഡി.പിയിൽ മുഖ്യ പങ്ക് വഹിക്കുന്ന ഡൽഹി, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നുകഴിഞ്ഞു. ഇത്, ഇന്ത്യൻ ജി.ഡി.പിയുടെ കരകയറ്റം വൈകിപ്പിക്കുമെന്നത് മാത്രമല്ല, വളർച്ചാപ്രതീക്ഷ കുറയാനും ഇടയാക്കുമെന്ന വിലയിരുത്തലുകളാണ് നിക്ഷേപകലോകത്തെ ആശങ്കപ്പെടുത്തുന്നത്. ഒട്ടുമിക്ക റേറ്റിംഗ് ഏജൻസികളും ഇന്ത്യയുടെ നടപ്പുവർഷത്തെ വളർച്ചാപ്രതീക്ഷകൾ വെട്ടിക്കുറച്ചുകഴിഞ്ഞു.

മുൻനിര കമ്പനികൾക്ക്

നഷ്‌ടം ₹1.33 ലക്ഷം കോടി

കഴിഞ്ഞയാഴ്‌ച ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികൾ ചേർന്ന് ഓഹരി വ്യാപാരത്തിൽ കുറിച്ച നഷ്‌ടം 1.33 ലക്ഷം കോടി രൂപയാണ്. ഹിന്ദുസ്ഥാൻ യൂണിലിവറാണ് 34,914 കോടി രൂപയുടെ നഷ്‌ടവുമായി മുന്നിലുള്ളത്. ടാറ്റാ കൺസൾട്ടൻസി സർവീസസ് (30,887 കോടി രൂപ), റിലയൻസ് ഇൻഡസ്ട്രീസ് (18,764 കോടി രൂപ), എച്ച്.ഡി.എഫ്.സി (13,755 കോടി രൂപ), ഭാരതി എയർടെൽ (10,270 കോടി രൂപ) എന്നിങ്ങനെ നഷ്‌ടം നേരിട്ടു.

വിട്ടൊഴിയാതെ വെല്ലുവിളികൾ

കൊവിഡ് വ്യാപനം തടയാൻ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ നിക്ഷേപകലോകത്തെയും ആശങ്കപ്പെടുത്തുകയാണ്. എസ്.ബി.ഐ കാർഡ്‌സ്, മാരുതി സുസുക്കി, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്‌ട്രീസ് തുടങ്ങിയ കമ്പനികളുടെ നാലാംപാദ പ്രവർത്തനഫലം ഈവാരം അറിയാം. മുഖ്യ വ്യവസായ മേഖലയുടെ വളർച്ചാക്കണക്കും ഈവാരം പുറത്തുവരും. കണക്കുകൾ നിരാശപ്പെടുത്തിയാൽ ഓഹരികളിൽ 'വിറ്റൊഴിയൽ മേള" അരങ്ങേറും. കഴിഞ്ഞവാരം സെൻസെക്‌സ് നേരിട്ടത് 953 പോയിന്റ് നഷ്‌ടമാണ്.