ഇ-ട്രയോ ട്യൂറോയ്ക്ക് വമ്പൻ ഡീൽ

Monday 26 April 2021 3:23 AM IST

കൊച്ചി: ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ഇ-ട്രയോയുടെ മുച്ചക്ര മോഡലായ ട്യൂറോയ്ക്ക് ഇത് ബുക്കിംഗിന്റെ തരംഗകാലം. ലോജിസ്‌റ്റിക്‌സ് സ്‌റ്റാർട്ടപ്പ് ഇ-കൊമേഴ്‌സ് കമ്പനിയായ സിപ്പ് ഇലക്‌ട്രിക്കിൽ നിന്ന് ട്യൂറോയ്ക്ക് കിട്ടിയ ഓർഡർ 1000 യൂണിറ്റുകളുടേതാണ്. എട്ട് മാസത്തികം ഇവ വിതരണം ചെയ്യണമെന്നാണ് ഇരു കമ്പനികളും തമ്മിലെ കരാർ. ഉടൻതന്നെ ആദ്യ 100 ട്യൂറോ സിപ്പ് ഇലക്‌ട്രിക്കിന് ഇ-ട്രയോ കൈമാറും.

ആദ്യഘട്ടത്തിൽ ഡൽഹി - രാജ്യതലസ്ഥാന മേഖലയിലാകും (എൻ.സി.ആർ) സിപ്പ് ട്യൂറോയെ ഉത്‌പന്ന ഡെലിവറികൾക്കായി ഉപയോഗിക്കുക. ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ഫരീദാബാദ്, ഗാസിയാബാദ് എന്നിവ ഇതിലുൾപ്പെടുന്നു. പിന്നീട്, ഘട്ടംഘട്ടമായി രാജ്യവ്യാപകമായും ഉപയോഗിക്കും. വാഹനങ്ങളുടെ സർവീസ് പിന്തുണയും സിപ്പിന് ഇ-ട്രോ നൽകും. ട്യൂറോ ബ്രാൻഡ് മോഡലുകൾ, പരമ്പരാഗത ഡീസൽ വാഹനങ്ങളേക്കാൾ ഇന്ധനച്ചെലവിൽ 60-70 ശതമാനം വരെ ലാഭം ഉടമയ്ക്ക് നൽകുമെന്ന് ഇ-ട്രയോ അവകാശപ്പെടുന്നു.

സിപ്പിന് പുറമെ സൊമാറ്റോ, സ്വിഗ്ഗി, അപ്പോളോ ഫാർമസി, ബിഗ് ബാസ്‌‌കറ്റ് എന്നിവയും ട്യൂറോയ്ക്കായി ഇ-ട്രയോയുമായി ധാരണയിലെത്തിയിട്ടുണ്ട്. ആമസോൺ, ഫ്ളിപ്കാർട്ട്, ഡൽഹിവെറി തുടങ്ങിയവ നിലവിൽ ട്യൂറോ ഉപയോഗിക്കുന്നുണ്ട്. ട്യൂറോ ബ്രാൻഡിൽ വാണിജ്യാവശ്യത്തിന് പുറമേ മിനി പാസഞ്ചർ, മാക്‌സ് പാസഞ്ചർ യാത്രാവാഹന വേരിയന്റുകളും കമ്പനിക്കുണ്ട്. ഇ-സൈക്കിൾ, ഇ-കാറുകൾ എന്നിവയും കമ്പനിയുടെ ശ്രേണിയിൽ കാണാം. 105 കിലോമീറ്റർവരെയാണ് ഒറ്റ ചാർജിംഗിൽ ട്യൂറോ അവകാശപ്പെടുന്ന ദൂരം. 350 കിലോഗ്രാം വരെ ഭാരം വഹിക്കും. ഒതുക്കമുള്ളതും ആകർഷകവുമാണ് രൂപകല്‌പന. വിശാലമായ അകത്തളം, ഡ്യുവൽടോൺ സീറ്റ് എന്നിവയും കാണാം.