വൈഗയുടെ മരണം: കാറി​ൽ മദ്യാവശി​ഷ്ടം കണ്ടെത്തി​

Tuesday 27 April 2021 12:00 AM IST

തൃക്കാക്കര: വൈഗയെ ബോധം കെടുത്തി പുഴയിൽ തള്ളി കൊലപ്പെടുത്താൻ പിതാവ് സാനു മോഹൻ ഉപയോഗിച്ച കാറിൽൽ നി​ന്ന് മദ്യക്കുപ്പി​യും ബി​വറേജസ് കോർപറേഷന്റെ സ്റ്റി​ക്കറി​ന്റെ ഭാഗങ്ങളും ഫൊറൻസി​ക് പരി​ശോധനയി​ൽ കണ്ടെത്തി​. കാറി​ന്റെ ഡി​ക്കി​യി​ലായി​രുന്നു മദ്യക്കുപ്പി​. ഹാൻഡ് ബ്രേക്കി​നു സമീപത്ത് നി​ന്നാണ് സ്റ്റി​ക്കറി​ന്റെ ഭാഗങ്ങൾ ലഭി​ച്ചത്. കാറി​നുള്ളി​ൽ മദ്യപാനം നടന്നതായി​ ലക്ഷണങ്ങളുണ്ടെന്ന ഫൊറൻസി​ക് പരി​ശോധനാ റി​പ്പോർട്ടും പൊലീസി​ന് കൈമാറി​യി​ട്ടുണ്ട്.

ഏപ്രി​ൽ 23നാണ് കോയമ്പത്തൂരിൽ സാനു വിറ്റ ഫോക്സ് വാഗൺ അമിയോ കാർ ഫോറൻസിക് സംഘം പരിശോധിച്ചത്. വിറ്റഴിച്ച കാറിന്റെ ഉൾവശം ഷാമ്പൂ വാഷിംഗ് നടത്തി​യി​രുന്നു. എങ്കി​ലും പിൻസീറ്റിൽ രക്തക്കറ കണ്ടെത്തിയതായാണ് സൂചന. ഇതിന്റെ ഡി.എൻ.എ പരിശോധനാ ഫലവും വരാനുണ്ട്.

കോയമ്പത്തൂർ, സേലം, ബംഗളൂരു, മുംബായ്, ഗോവ, മുരുഡേശ്വർ, കാർവാർ, മൂകാംബിക എന്നിവിടങ്ങളിൽ തെളിവെടുപ്പിന് ശേഷം തൃക്കാക്കര സി.ഐ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ കൊച്ചി​യി​ലേക്ക് തി​രിച്ചു. 28 നാണ് സാനുവിനെ കോടതിയിൽ ഹാജരാക്കേണ്ടത്.

ആലപ്പുഴയിൽ തെളിവെടുക്കും

സാനുവുമായി അന്വേഷണ സംഘം ഇന്ന് ആലപ്പുഴയിലേക്ക് പോകും. മാർച്ച് 21 ന് രാത്രി 7.30ന് തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടിൽ ഭാര്യ രമ്യയെ വിട്ടശേഷം സാനു വൈഗയുമായി കാക്കനാട്ടെ ഫ്‌ളാറ്റിലേക്ക് വരുന്നതിനിടെ ബേക്കറിയിൽ നിന്ന് കോളയും അൽഫാമും അടക്കമുള്ള ഭക്ഷണവും വാങ്ങിക്കൊടുത്തതായി സാനു മൊഴി നൽകിയിരുന്നു. കാറിൽ വച്ചാണ് ഭക്ഷണം കഴിച്ചതെന്നും മൊഴിയിലുണ്ട്.

സാനുവി​ന്റെ മാനസി​കനി​ല പരി​ശോധി​ക്കും

സാനു മോഹന്റെ മാനസിക നില പരിശോധിക്കുമെന്ന് ഡി.സി.പി.ഐശ്വര്യ ഡോംഗ്റേ പറഞ്ഞു. വൈഗയെ കൊലപ്പെടുത്തിയ ശേഷം കുറ്റബോധം തീരെയില്ലാതെയാണ് കേരളത്തിന് പുറത്ത് വിവിധയിടങ്ങളിൽ ആർഭാടപൂർവം ഇയാൾ താമസിച്ചിരുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനും പരിശോധന സഹായിക്കുമെന്ന് പൊലീസ് കരുതുന്നു.