സ്കൂൾ ബസുകൾ 'ആംബുലൻസുകൾ' ആക്കും
Tuesday 27 April 2021 12:02 AM IST
കോഴിക്കോട് : പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്ന സാഹചര്യത്തിൽ ആംബുലൻസുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സ്കൂൾ ബസുകൾ ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടം.
ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ഒരു സ്‌കൂൾ ബസ് വീതം ആംബുലൻസാക്കും. ആദ്യ ഘട്ടത്തിൽ 40 സ്‌കൂൾ ബസുകൾ ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയായി. ഇവയുടെ പട്ടിക അതാത് തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാർക്ക് കൈമാറും. ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിൽ മുപ്പത്തിയൊന്ന് 108 ആംബുലൻസുകൾ ഉണ്ട്. ഓക്‌സിജൻ സൗകര്യമുള്ള 10 ആംബുലൻസുകളാണുള്ളത്. കൂടാതെ പണം കൊടുത്തുപയോഗിക്കാൻ കഴിയുന്ന ഐ.എം.എയുടെ 50, സി.ഐ.ടി.യു.വിന്റെ 30 ആംബുലൻസുകൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.