കെ.എസ്.ആർ.ടി.സി: 100 കോടി കണ്ടെത്താൻ വിജിലൻസ് അന്വേഷണം

Tuesday 27 April 2021 12:23 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കണക്കുകളിൽ 100 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. 100 കോടിയുടെ ക്രമക്കേട് നടന്നതായി മൂന്ന് മാസം മുമ്പാണ് സി.എം.ഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയത്. അന്വേഷണത്തിന് കെ.എസ്.ആർ.ടി.സി വിജിലൻസ് സഹായം തേടുന്നത് ഇതാദ്യമാണ്.

ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെ സെൻട്രൽ സോണിലേക്ക് (എറണാകുളം) സ്ഥലം മാറ്റിയിരുന്നു. ശ്രീകുമാറിനെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുണ്ടാവുമെന്നാണ് ബിജു പ്രഭാകർ ജനുവരി 16ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അടുത്ത ദിവസം വിജിലൻസ് അന്വേഷണം നടത്തുമെന്നും അറിയിച്ചു. പക്ഷെ, ഒന്നും സംഭവിച്ചില്ല. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് വിജിലൻസ് അന്വേഷണത്തിന് ഡയറക്ടർ ബോർഡ് ഇപ്പോൾ ശുപാർശ ചെയ്തത്.

100 കോടി വിവാദം

 വായ്പയിൽ 350 കോടി തിരിച്ചടച്ചില്ലെന്ന് കെ.ടി.ഡി.എഫ്.സിയുടെ പരാതി

 അഡി.സെക്രട്ടറി എസ്. അനിൽകുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് 100 കോടിയുടെ ക്രമക്കേട്

 തുക അപ്രത്യക്ഷമായത് മൂന്നു തവണയായി

 രേഖപ്പെടുത്താതെ ഡിപ്പോകൾക്ക് നൽകിയെന്ന് വാദം

 ക്രമക്കേട് നടന്ന കാലയളവിൽ തനിക്ക് അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതലയില്ലായിരുന്നുവെന്ന് ശ്രീകുമാറിന്റെ വിശദീകരണം