കടത്ത് സ്വർണമൊഴുകുന്നു; നെടുമ്പാശേരിയിൽ 1.60 ലക്ഷം ദിവസപ്പടി

Tuesday 27 April 2021 12:45 AM IST

കൊച്ചി: കാർഗോ, കൊറിയർ ഏജൻസികളും കസ്റ്റംസിലെ ഒരു വിഭാഗവും സ്വർണ മാഫിയയും ചേർന്ന് വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി സ്വർണ കള്ളക്കടത്ത് കൊഴുപ്പിക്കുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സജീവമായി നടക്കുന്നതിനിടെയാണ് സംസ്ഥാനത്തേക്ക് കള്ളസ്വർണമൊഴുകുന്നത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൊറിയർ കാർഗോ വഴി എത്തുന്ന പാഴ്സലുകൾ പരിശോധിക്കുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് 1.60 ലക്ഷം രൂപയാണ് ദിവസപ്പടി. ഇവരുടെ ചില ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന മാസപ്പടിയാകട്ടെ ഞെട്ടിപ്പിക്കുന്നതാണ്. വിമാനത്താവളത്തിൽ കൊറിയർ കാർഗോ വഴിയെത്തുന്ന പാഴ്സലുകളുടെ 1400 പെട്ടികളാണ് ആറ് മണിക്കൂർ കൊണ്ട് എക്സ്‌റേ പരിശോധന നടത്തുന്നത്. പേരിന് പരിശോധിച്ചെന്ന് വരുത്തി മുഴുവൻ പെട്ടികളും ക്ലിയർ ചെയ്യുന്നതിനാണ് ഈ മാസപ്പടി.

സൂക്ഷ്മമായി പരിശോധിച്ചാൽ ക്ളിയറൻസ് വൈകും. സ്വർണക്കടത്ത് പിടിക്കപ്പെടും. മാഫിയയ്‌ക്ക് കീഴടങ്ങാതിരുന്ന സൂപ്രണ്ടിന് ചുമതലയുണ്ടായിരുന്ന ആറ് മാസം മുമ്പ് കള്ളക്കടത്ത് സ്വർണം തുടരെ പിടികൂടിയിരുന്നു.

 തുറമുഖം വഴി കാർഗോ മറയാക്കി കടത്ത്

കഴിഞ്ഞ ദിവസം കൊച്ചി തുറമുഖത്ത് കണ്ടെയ്‌നറിൽ എത്തിച്ച ഫ്രിഡ്ജിൽ ഒളിപ്പിച്ച ഏഴര കോടിയുടെ സ്വർണം പിടികൂടിയത് ഡി.ആർ.ഐ ആയിരുന്നു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവർക്ക് ഉപയോഗിച്ച സാധനങ്ങൾ കൊണ്ടുവരാനുള്ള പഴുതുപയോഗിച്ചായിരുന്നു ഈ കടത്ത്.

അൺ അക്കമ്പനീഡ് ബാഗേജിന് പാസ്പോർട്ട് കോപ്പി വേണം. കടത്തിന് കൂട്ടു നിന്ന് മാഫിയയ്‌ക്ക് പാസ്പോർട്ട് കോപ്പി നൽകിയാൽ യാത്രക്കാരന് 2,000 രൂപ ലഭിക്കും. കണ്ടെയ്‌നറിന്റെ മുഴുവൻ വാടകയും ക്ലിയറൻസ് ചാർജ്ജും സ്വർണമാഫിയ നൽകും. അതിൽ ഒരു ഫ്രിഡ്ജോ വാഷിംഗ് മെഷീനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഗൃഹോപകരണങ്ങളോ ഒരെണ്ണം മാത്രം അയയ്‌ക്കാനുള്ള സ്ഥലമാണ് ഇവർക്കാവശ്യം. സ്വർണം അതിൽ ഒളിപ്പിച്ച് കടത്തും. കണ്ടെയ്‌നറിലെ ബാക്കി സ്ഥലത്ത് കിലോയ്‌ക്ക് 6.5 ദിർഹം വാങ്ങി സാധാരണക്കാരുടെ പാഴ്സലുകൾ അയച്ച് കാർഗോ ഏജൻസികൾക്ക് ലാഭം കൊയ്യാം. വിമാനമാർഗമുള്ള കാർഗോ കിലോയ്ക്ക് 14 ദിർഹമാണ് നിരക്ക്.