കൊവിഡ് വാക്‌സിൻ: കേന്ദ്ര നയത്തിനെതിരെ ഹർജി

Tuesday 27 April 2021 12:00 AM IST

കൊച്ചി: നിർമ്മാണ കമ്പനികൾക്ക് കൊവിഡ് വാക്‌സിന്റെ വില നിശ്ചയിക്കാൻ അനുമതി നൽകിയും, 45 വയസിൽ താഴെയുള്ളവർക്ക് സൗജന്യ വാക്‌സിൻ ഒഴിവാക്കിയും കേന്ദ്ര സർക്കാർ കൊവിഡ് വാക്‌സിൻ നയത്തിൽ വരുത്തിയ മാറ്റം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി സി.പി. പ്രമോദ് ഹൈക്കോടതിയിൽ ഹർജി നൽകി. ഇതേയാവശ്യമുന്നയിച്ച് മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ഡോ. എം.കെ. മുനീറും ഇന്ന് ഹർജി നൽകും. ഹർജികൾ ഇന്നു പരിഗണിച്ചേക്കും.

കൊവിഡ് വാക്സിനേഷൻ ജനുവരി 16നാണ് രാജ്യത്താരംഭിച്ചത്. 45 വയസുവരെയുള്ളവർക്ക് വാക്‌സിൻ നൽകുന്ന ഘട്ടമെത്തിയപ്പോഴാണ് കേന്ദ്ര നയത്തിൽ മാറ്റം വരുത്തിയത്. ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ഇനിയും വാക്സിൻ എടുക്കാനുണ്ടെന്നിരിക്കെയുള്ള നയംമാറ്റം ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും ഹർജിയിൽ പറയുന്നു. ഹർജി തീർപ്പാകുംവരെ നയം മാറ്റം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.