സമയ ക്രമീകരണം: അടച്ചത് 3,888 റേഷൻ കടകൾ

Tuesday 27 April 2021 12:00 AM IST

തിരുവനന്തപുരം: സർക്കാരിനോടും വകുപ്പ് മേധാവികളോടും ചർച്ച ചെയ്യാതെ സംയുക്ത റേഷൻ വ്യാപാരി സംഘടന പ്രഖ്യാപിച്ച റേഷൻ കടകളുടെ സമയക്രമീകരണം അനുസരിച്ച് സംസ്ഥാനത്തെ 3,888 റേഷൻ കടകൾ വൈകിട്ട് ഏഴുമണിക്ക് മുൻപ് അടച്ചു. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെയും ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയുമായാണ് സംയുക്ത റേഷൻ വ്യാപാരി സംഘടന സമയം പുനഃക്രമീകരിച്ചത്. ഇതനുസരിച്ചാണ് ആകെയുള്ള 14,254 റേഷൻകടകളിലെ 3,888 ലൈസൻസികൾ അഞ്ചുമണിക്ക് ശേഷം കട അടച്ചത്. ഏറ്റവും കൂടുതൽ കട അടച്ചത് എറണാകുളം ജില്ലയിലാണ് 826. ഏറ്റവും കുറവ് കാസർകോട് ജില്ലയിൽ. 20 എണ്ണം.

കൊവിഡ് പടരുന്ന സാഹചര്യത്തിൽ സമയമാറ്റം അനുവദിക്കണമെന്നത് സംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടർക്ക് സംഘടനകൾ കത്ത് നൽകിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിലുള്ള റേഷൻ വ്യാപാരികൾക്ക് പ്രതിരോധ വാക്‌സിൻ നൽകണമെന്ന ആവശ്യവും സർക്കാർ തള്ളിക്കളഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സംഘടനകൾ നേരിട്ട് സമയം നിശ്ചയിച്ചത്. സിവിൽ സപ്ലൈസ് ഡയറക്ടറാണ് റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിക്കേണ്ടത്. ഇത് മറികടന്ന് സംഘടനകൾ പ്രഖ്യാപിച്ച സമയക്രമം ചട്ടലംഘനമാണെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ. ഉത്തരവില്ലാതെ കടകൾ അടയ്ക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യ സെക്രട്ടറി പി. വേണുഗോപാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.