മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: പ്ലസ് ടു പ്രായോഗിക പരീക്ഷകൾ മാറ്റി
Tuesday 27 April 2021 12:00 AM IST
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 28ന് തുടങ്ങേണ്ടിയിരുന്ന ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകൾ മാറ്റണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് സർക്കാർ നടപ്പിലാക്കി. ഏപ്രിൽ 28 മുതൽ പ്രായോഗിക പരീക്ഷകൾ ആരംഭിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിരുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ചോദ്യപേപ്പർ തയ്യാറാക്കി പ്രാക്ടിക്കൽ ചീഫുമാർക്ക് ലഭ്യമാക്കിയിരുന്നു.കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി. പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുള്ള സ്‌കൂൾ ലാബുകൾ പങ്കിടുന്നത് രോഗവ്യാപന സാദ്ധ്യതയ്ക്ക് കാരണമാകുമെന്നായിരുന്നു പരാതി.