കൊവിഡ് രണ്ടാം ബെല്ലടിച്ചു ; നാടക സീസൺ വീണ്ടും മുടങ്ങി, കലാകാരന്മാർ പ്രതിസന്ധിയിൽ
തിരുവനന്തപുരം: ചുരുട്ടിക്കെട്ടിയ കർട്ടനുകൾ, മൂലയിൽ ഒതുക്കിയ ലൈറ്റ് സെറ്റും സമിതി ബോർഡും. ഓട്ടമില്ലാത്ത നാടക വണ്ടി...കൊവിഡിന്റെ രണ്ടാം വരവിൽ പ്രൊഫഷണൽ നാടക സമിതികൾക്ക് ഒരു ഉത്സവ സീസൺ കൂടി നഷ്ടമാവുന്നു. നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരുമടക്കം 1500 ഓളം പേരുടെ കുടുംബങ്ങളാണ് ദുരിതത്തിലാവുന്നത്.
മലപ്പുറവും വയനാടും ഒഴികെയുള്ള ജില്ലകളിൽ നൂറോളം നാടക സമിതികൾ സജീവമായിരുന്നു. ഡിസംബർ - മേയ് ആണ് സീസൺ. കഴിഞ്ഞ സീസൺ പകുതി ആയപ്പോഴാണ് കൊവിഡ് അരങ്ങുകൾ തകർത്തത്. ബുക്കിംഗ് എല്ലാം റദ്ദായി. സമിതി ഉടമകളുടെ ലക്ഷങ്ങൾ വെള്ളത്തിലായി. ആ നഷ്‌ടം ഈ സീസണിൽ കുറയ്ക്കാമെന്ന പ്രതീക്ഷയും പോയി.
പത്ത് ലക്ഷം മുടക്കണം
പുതിയ നാടകം ഇറക്കാൻ സെറ്റ്, സാങ്കേതിക സംവിധാനങ്ങൾ എല്ലാം കൂടി 8 - 10 ലക്ഷം രൂപ വേണം. ഒരു സീസണിൽ 120 സ്റ്റേജെങ്കിലും കിട്ടിയാൽ മുടക്കുമുതൽ കിട്ടും. അതിനു മേൽ കിട്ടുന്ന വേദികളാണ് 'നാടക മുതലാളി'യുടെ ലാഭം. അത് എപ്പോഴും ഉറപ്പല്ല. മിക്ക സമിതി ഉടമകളും സമ്പന്നരല്ല. കടം വാങ്ങിയും പലിശയ്ക്കെടുത്തുമാണ് പുതിയ നാടകം ഇറക്കുന്നത്. പ്രമുഖ നാടകകൃത്തുക്കളുടെ പ്രതിഫലം ഒരു ലക്ഷം മുതലാണ്. നല്ല സംവിധായകർക്കും ഇതേ റേറ്റുണ്ട്. മുൻനിര നടീനടന്മാർക്ക് 2500 രൂപ വരെയാണ് ഒരു സ്റ്റേജിന് പ്രതിഫലം. ഇവർക്ക് അഡ്വാൻസ് നൽകി, ഓരോ ദിവസത്തെയും പ്രതിഫലത്തിൽ നിന്ന് നിശ്ചിത തുക തിരികെ പിടിക്കുന്നതാണ് രീതി.
ഏജന്റുമാർക്കും പ്രതിസന്ധി
നാനൂറോളം ബുക്കിംഗ് ഏജന്റുമാർ സംസ്ഥാനത്തുണ്ട്. ഇവർക്ക് സബ് ഏജന്റുമാരുണ്ട്. ഓരോ ബുക്കിംഗിന്റെയും കമ്മിഷനാണ് ഇവരുടെ വരുമാനം.നാടകവും ഗാനമേളയും മിമിക്സും അടക്കം നല്ല വരുമാനം കിട്ടിയിരുന്ന ഏജന്റുമാരും പ്രതിസന്ധിയിലാണ്.
നഷ്ടമായത് ജീവനോപാധി
മൂന്നര പതിറ്റാണ്ടായി നാടകമെഴുത്താണ് ജീവിതമാർഗം. ചില വർഷങ്ങളിൽ പത്ത് നാടകങ്ങൾ വരെ എഴുതിയിട്ടുണ്ട്. എന്റെ നാടകങ്ങളെ മാത്രം ആശ്രയിക്കുന്ന സമിതികളുണ്ട്. വായനയും എഴുത്തുമല്ലാതെ മറ്റൊരു ജോലി വശമില്ല. പ്രതിസന്ധി നീണ്ടാൽ വല്ലാതെ ബുദ്ധിമുട്ടും.
-ഫ്രാൻസിസ്.ടി.മാവേലിക്കര (നാടക രചയിതാവ്)
ഒറ്റ നാടകം ആറു ലക്ഷം കടം
'നളിനാക്ഷന്റെ വിശേഷങ്ങൾ' എന്ന എന്റെ നാടകം 118 സ്റ്റേജ് കഴിഞ്ഞപ്പോഴാണ് കൊവിഡിന്റെ വരവ്. 116 ബുക്കിംഗ് റദ്ദായി. ആറു ലക്ഷത്തോളം ബാദ്ധ്യതയായി.
-സുബൈർഖാൻ (സമിതി ഉടമ-ഓച്ചിറ സരിഗ)
റോഡ് ഷോയും വേണ്ടാതായി
അടുത്തിടെ നാടകത്തിന് അല്പം ഡിമാൻഡ് കുറഞ്ഞെങ്കിലും റോഡ് ഷോകൾക്ക് ആവശ്യക്കാരുണ്ടായിരുന്നതിനാൽ പിടിച്ചുനിന്നു. കൊവിഡ് അതും തകർത്തു.
-പ്രദീപ് വൈശാലി (ബുക്കിംഗ് ഏജന്റ്)