'നന്മ നിറഞ്ഞവൻ ജനാർദ്ദനൻ"
കണ്ണൂർ: തന്റെ ജീവിത സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി നാടിന്റെ കൈയടി നേടിയ ബീഡിത്തൊഴിലാളിയായ ആ നന്മമരം ഇങ്ങ് കണ്ണൂരിൽ ഹാപ്പിയാണ്. കണ്ണൂർ കുറുവ ചാലാടൻ ഹൗസിലെ ജനാർദ്ദനനാണ് (63) തന്റെ ആകെയുള്ള സമ്പാദ്യമായ രണ്ട് ലക്ഷം രൂപ മുഴുവൻ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. കണ്ണൂർ അവേര കോളനിയിലെ ബീഡി തെറുപ്പ് തൊഴിലാളിയാണ് ജനാർദ്ദൻ. ബി.ടെക് ബിരുദധാരികളായ നവനയും നവീനയും പോലും അച്ഛന്റെ സുമനസ് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.
സൗജന്യമായിരുന്ന വാക്സിന് 400 രൂപ കൊടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ വ്യാഴാഴ്ചത്തെ വാർത്താസമ്മേളനത്തിലാണ് ജനാർദ്ദനൻ അറിഞ്ഞത്. ഇത് സർക്കാരിന് ഭാരമാകുമെന്ന ചിന്തയാണ് തന്നാലാകുന്നത് എന്തെങ്കിലും നൽകണമെന്ന തീരുമാനത്തിലേക്ക് ജനാർദ്ദനനെ നയിച്ചത്. പിണറായി വിജയന്റെ ആരാധകനും കടുത്ത സി.പി.എം അനുഭാവിയുമായ അദ്ദേഹം പിറ്റേന്ന് രാവിലെ പത്തിന് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലെത്തി. ജീവനക്കാരോട് അന്വേഷിച്ചപ്പോൾ രണ്ട് ലക്ഷവും ചില്ലറയുമുണ്ടെന്ന് മനസിലായി. അതിൽ നിന്ന് രണ്ട് ലക്ഷം രൂപ വാക്സിൻ ചലഞ്ചിലേക്ക് നൽകണമെന്നായിരുന്നു ജനാർദ്ദന്റെ ആവശ്യം. ഇതുകേട്ട് ഞെട്ടിയ ജീവനക്കാർ ജീവിത ചുറ്റുപാടുകൾ ചോദിച്ചറിഞ്ഞശേഷം ഒരു ലക്ഷം കൊടുത്താൽ പോരെയെന്ന് ഉപദേശിച്ചെങ്കിലും ജനാർദ്ദനൻ തീരുമാനം മാറ്റിയില്ല. എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിലേക്ക് നൽകാമെന്ന് പറഞ്ഞപ്പോൾ പേരുപോലും വെളിപ്പെടുത്തേണ്ടെന്നു പറഞ്ഞ് ജനാദ്ദനൻ അതും നിരസിച്ചു.
കഴിഞ്ഞ വർഷം ജൂൺ 26ന് ബ്രെയിൻ ട്യൂമർ ബാധിച്ചാണ് ഭാര്യ പുനരുഞ്ചാൽ രജനി മരിച്ചത്. ഇരുവരും 36 വർഷം തോട്ടട ദിനേശ് ബീഡിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കെ.എം ബീഡിയിലാണ് ജനാർദ്ദനൻ ജോലി ചെയ്യുന്നത്. 13-ാം വയസിൽ ആരംഭിച്ചതാണ് ബീഡിപ്പണി. ചുരുട്ട് തൊഴിലാളിയായ നാരായണന്റെയും കാർത്ത്യായനിയുടെയും നാലു മക്കളിൽ മൂത്തയാളാണ് ജനാർദ്ദനൻ.
'നാട്ടുമ്പുറത്തുകാരനായ തനിക്ക് ഒരു മാസം വെറും 500 രൂപ മതിയാകും. കേൾവിശക്തി ഇല്ലാത്തതിനാൽ വികലാംഗ പെൻഷനും കിട്ടുന്നുണ്ട്. ഭാര്യയുടെ ഗ്രാറ്റുവിറ്റിയുമുണ്ട്. പിന്നെന്തിനാണ് എനിക്ക് പണം".
- ജനാർദ്ദനൻ