കൊവിഡ് : അതിതീവ്ര രണ്ടാം തരംഗ കാരണം ജനിതക മാറ്റ വൈറസ്: മുഖ്യമന്ത്രി

Tuesday 27 April 2021 5:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് ബാധയുടെ രണ്ടാം തരംഗത്തിന് കാരണം ജനിതകമാറ്റം വന്ന വൈറസാണെന്ന് കണ്ടെത്തിയതായി കൊവിഡ് സംസ്ഥാന തല അവലോകനത്തിനും സർവകക്ഷി യോഗത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏപ്രിൽ ആദ്യവാരം മുതൽ തന്നെ സംസ്ഥാനത്ത് ജനിതകമാറ്റം വന്ന യു.കെ., സൗത്ത് ആഫ്രിക്കൻ കൊവിഡ് വൈറസുകളുടെ പ്രബലമായ സാന്നിദ്ധ്യം സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. യു.കെ വകഭേദം കൂടുതൽ വടക്കൻ ജില്ലകളിലാണ്. സംസ്ഥാനത്തെ മൊത്തം രോഗികളിൽ 40 ശതമാനത്തിനും ഇൗ വൈറസ് ബാധയാണ് .ഇതിന്റെ സാന്നിധ്യം കൂടുതൽ കണ്ടെത്തുന്നയിടങ്ങളിൽ ലോക് ഡൗൺ പോലെ ശക്തമായ നടപടികൾ വേണ്ടിവരും.

രോഗലക്ഷണങ്ങൾ പുറത്തു വരാത്ത ആദ്യ ഘട്ടത്തിലാണ് അതീതീവ്ര വ്യാപനങ്ങൾ നടക്കാറുള്ളത്. ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിദ്ധ്യം ഡൽഹിയിലും മറ്റും ആഴ്ചകൾക്ക് മുൻപ് ഉണ്ടായിരുന്ന നിലയിലാണ് കേരളത്തിലും ഇപ്പോഴുള്ളത്.50 മുതൽ 60 ശതമാനം വരെ ആളുകൾക്ക് ഡൽഹിയിൽ രോഗം വന്നു പോയി. എന്നിട്ടും ഇത്തവണ ഇത്ര ശക്തമായ രീതിയിൽ രോഗവ്യാപനമുണ്ടായി .

ഉത്തരേന്ത്യയിലെയും മറ്റും അവസ്ഥ ഇവിടേയും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പുതിയ രോഗികളുടെ എണ്ണം കുറഞ്ഞാലേ ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കുറയൂ. രോഗികളുടെ വർദ്ധവിന് ആനുപാതികമായി മരണസംഖ്യയും ഉയരും.

ജനിതകമാറ്റം വന്ന

വൈറസ് - 40%

യു.കെ. സ്ട്രെയിൻ

കൊവിഡ് വൈറസ് -30%

ഡബിൾ മ്യൂട്ടന്റ്

കൊവിഡ് വൈറസ് -7%

സൗത്ത് ആഫ്രിക്കൻ

കൊവിഡ് വൈറസ് - 2%

മൊത്തം രോഗികൾ -2,32,812

ചെയ്യേണ്ടത്

വ്യാപകമായ ആർ.ടി.പി.സി. പരിശോധന

ജനങ്ങൾക്ക് രോഗബാധയുള്ളയിടങ്ങളിൽ പോകേണ്ടിവന്നാൽ

മാസ്കിന് മുകളിൽ മറ്റൊരു മാസ്ക് ധരിക്കണം