കേന്ദ്രത്തോടാവശ്യപ്പെട്ട വാക്സിൻ കിട്ടിയില്ല: മുഖ്യമന്ത്രി

Tuesday 27 April 2021 5:33 AM IST

തിരുവന്തപുരം: അമ്പത് ലക്ഷം ഡോസ് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

57.58 ലക്ഷം പേർക്ക് ഒരു ഡോസും 10.39 ലക്ഷം പേർക്ക് രണ്ട് ഡോസും വാക്സിൻ നൽകി. വാക്സിൻെറ ദൗർലഭ്യമാണ് പ്രധാന പ്രശ്നം. വാക്സിൻ സംസ്ഥാനതലത്തിൽ ഉത്പാദകരിൽ നിന്ന് നേരിട്ട് സംഭരിക്കണമെന്ന കേന്ദ്ര തീരുമാനത്തിൻെറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥതലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന രണ്ട് കമ്പനികളുമായും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്.

ആദിവാസി കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വാക്സിൻ അവിടെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 80 വയസിനു മുകളിലുള്ളവർക്ക് അവരുടെ വീടുകളിൽ ചെന്ന് വാക്സിൻ നൽകണമെന്ന നിർദേശത്തിൻെറ പ്രായോഗികത പരിശോധിക്കും. വാക്സിൻ കേന്ദ്രങ്ങളിൽ വയാേധികർക്ക് പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കും.18നും 45 നും ഇടയിലുള്ളവർ വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് രക്തദാനത്തിന് തയ്യാറാവണം. വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ഒരു മാസത്തേക്ക് രക്തം കൊടുക്കാൻ പാടില്ല. രക്തദാനത്തിന് പ്രത്യേക ഇടപെടലിന് യുവജന, സന്നദ്ധ സംഘടനകൾ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.