വേനൽ മഴ ലഭിച്ചതോടെ ഒന്നാംവിളയ്ക്ക് ഒരുക്കമായി
പാലക്കാട്: വേനൽ ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ നെൽകർഷകർ ഒന്നാംവിളയ്ക്കുള്ള ഒരുക്കം ആരംഭിച്ചു. 132.1 മില്ലീ മീറ്റർ മഴയാണ് ജില്ലയിൽ ഇതുവരെ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് പല ഭാഗത്തും ലഭിച്ചത്. ഇതേ തുടർന്ന് പാടങ്ങൾ ഉഴുത് നിലമൊരുക്കുന്ന ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി വെള്ളച്ചാലുകൾ നന്നാക്കലും വരമ്പുകൾ കിളയ്ക്കലും പുരോഗമിക്കുകയാണ്. ആലത്തൂർ, എരിമയൂർ, തേങ്കുറുശ്ശി, അയിലൂർ, കൊല്ലങ്കോട് ഭാഗങ്ങളിലാണ് നിലവിൽ പ്രവർത്തനം ആരംഭിച്ചത്.
ഉഴുത് മറിക്കുന്നതിന് മുന്നോടിയായി പാടങ്ങളിലെ പുളിരസം നിയന്ത്രിക്കൽ, ചെടികളുടെ കോശ വളർച്ച ത്വരിതപ്പെടുത്തൽ, മണ്ണിൽ നൈട്രജൻ സംഭരിക്കാനും നെൽച്ചെടികൾക്ക് ഹരിതകം നിലനിറുത്തൽ എന്നിവയ്ക്ക് വേണ്ടി ചുണ്ണാമ്പ് വിതറിയാണ് ഭൂരിഭാഗം പേരും നിലം ഒരുക്കുന്നുണ്ട്. കൃഷിഭവൻ മുഖേന കിലോയ്ക്ക് അഞ്ചുരൂപ സബ്സിഡി നിരക്കിൽ പത്തുകിലോ പാക്കറ്റുകളായി വിതരണം ചെയ്ത ചുണ്ണാമ്പാണ് ഉപയോഗിക്കുന്നത്.
മഴ പെയ്തതോടെ നമ്പുകൾ മുളച്ചത് ഉഴുതു മറിച്ചില്ലെങ്കിൽ ഒന്നാംവിളയ്ക്ക് പൊടിവിത നടത്തിയാൽ കള പെരുകാൻ സാദ്ധ്യതയേറെയാണ്. ഇവ ഉറുതുമറിക്കുന്നത് മണ്ണിന് വളവുമാണ്. കൂടാതെ വേനൽ മഴയിൽ നിലം ഉഴുതുമറിക്കുന്നത് മൂലം ശത്രുകീടങ്ങൾ ഇല്ലാതാകുകയും മിത്രകീടങ്ങൾ സജീവമാകുകയും ചെയ്യും. നടീൽ നടത്തുന്ന മിക്ക പ്രദേശത്തും കർഷകർ പച്ചില വളത്തിന് പ്രയോജനപ്പെടുന്ന ഡെയ്ഞ്ച വിതയ്ക്കാനും ആരംഭിച്ചിട്ടുണ്ട്. ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം പാടങ്ങളിൽ വെള്ളം കെട്ടിനിറുത്തി ഡെയ്ഞ്ച ഉഴുതുമറിച്ചാൽ ജൈവവളത്തിന്റെ ഗുണം ചെയ്യും. ജൂൺ ആദ്യം മഴ ആരംഭിച്ചാൽ 30 ദിവസത്തിനുള്ളിൽ രണ്ടാംതവണ നിലം ഉഴുത് കൃഷി ആരംഭിക്കാം.
സംഭരണ വില ലഭിച്ചില്ല
ഒന്നാംവിള ഒരുക്കം തുടങ്ങിയെങ്കിലും ഇക്കഴിഞ്ഞ രണ്ടാംവിളയുടെ വില ലഭിക്കാത്ത കർഷകർ സാമ്പത്തിക പ്രതിസന്ധിയിലാണ്. കടം വാങ്ങിയും മറ്റുമാണ് പലരും നിലം ഉഴുതുമറിച്ചതിന്റെ ട്രാക്ടർ കൂലി പോലും കൊടുത്തത്. കൃഷിയെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന കർഷകരിൽ മിക്കവർക്കും രണ്ടാംവിളയുടെ പി.ആർ.എസ് ലഭിച്ചിട്ടുണ്ടെങ്കിലും പണം ലഭ്യമായിട്ടില്ല. സംഭരിച്ച് നെല്ലിന്റെ വില ഉടൻ ലഭ്യമാക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.