ജഡ്ജിയില്ല; എം.എ.സി.ടി.യിൽ തീർപ്പാകാതെ എണ്ണായിരത്തിലധികം ഹർജികൾ

Wednesday 28 April 2021 12:17 AM IST

മലമ്പുഴ: മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിൽ ജഡ്ജിയില്ലാത്തത് മൂലം എണ്ണായിരത്തിലധികം ഹർജികൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. 2020 നവംബർ എട്ടുമുതൽ ജഡ്ജിയില്ലാത്തത് കോടതി പ്രവർത്തനത്തെ സാരമായി ബാധിച്ചു. ആറായിരം ഒ.പികളും, 1500 ഐ.എകളും അഞ്ഞൂറിലധികം ഇ.പി ഹരിജികളും കെട്ടിക്കിടക്കുന്നു. 2020 ജനുവരി മുതൽ ആലത്തൂർ, ചിറ്റൂർ എം.എ.സി.ടി ക്യാമ്പും പ്രവർത്തിക്കുന്നില്ല. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ചിറ്റൂർ താലൂക്കിലെ ജനങ്ങൾക്ക് കോടതി കാര്യങ്ങൾക്കായി പാലക്കാട് വരുന്നത് ഏറെ ബുദ്ധിമുട്ടാണ്. ഇതേ അവസ്ഥ തന്നെയാണ് ആലത്തൂർ താലൂക്ക് നിവാസികളുടേതും. കേസുകൾ തീർപ്പാകാത്തത് മൂലം നിരവധി പേർ പ്രയാസം നേരിടുന്നു.

പുതിയ ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. കെട്ടിക്കിടക്കുന്ന ഹർജികളിൽ വേഗത്തിൽ തീർപ്പുകല്പിക്കാൻ ഓൺലൈൻ സിറ്റിംഗ് നടത്തണമെന്നും ആവശ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തേങ്കുറുശി സ്വദേശി അഡ്വ.എൻ.അഭിലാഷ് ഹൈക്കോടതി രജിസ്ട്രാർക്ക് ഹർജി നൽകി.