തകിടംമറിഞ്ഞ് വാക്സിൻ രജിസ്ട്രേഷൻ; തിരിമറിയെന്ന് ആരോപണം

Wednesday 28 April 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് വാക്സിനായി കൊവിൻ പോർട്ടലിലൂടെ കേരളത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ തടസമുണ്ടാകുന്നതിനു കാരണം തിരിമറിയെന്ന് ആരോപണം. മൊബൈലിലൂടെ രജിസ്റ്റർ ചെയ്ത ശേഷം വാക്സിനേഷൻ സ്ഥലം, സമയം എന്നിവ ഷെഡ്യൂൾ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് പലയിടത്തും തടസമുണ്ടാകുന്നത്. അതേസമയം,​ അയൽ സംസ്ഥാനങ്ങളിലെല്ലാം ആവശ്യമുള്ള കേന്ദ്രങ്ങളിൽ വാക്സിനേഷന് ഒഴിവ് കാണിക്കുന്നുണ്ട്. സംസ്ഥാനത്ത് 3.68 ലക്ഷം ഡോസ് വാക്സിൻ സ്റ്റോക്കുണ്ടെന്നാണ് അധികൃതർ പറയുന്നത്. പലരും ഓൺലൈനിൽ ശ്രമിക്കുന്നതിന്റെ വീഡിയോകളും സ്‌ക്രീൻഷോട്ടുകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. കേന്ദ്രം വാക്സിൻ നൽകുന്നില്ലെന്നാണ് പ്രതികരിക്കുന്നവരോട് അധികൃതർ പറയുന്നത്.

 തിരിമറി

ഓൺലൈൻ രജിസ്‌ട്രേഷനിൽ തിരിമറിയുണ്ടെന്ന ആരോപണം ശക്തമാണ്. കൊവിൻ വെബ്‌സൈറ്റുകളുടെ നിയന്ത്രണമുള്ള ജില്ലാ പ്രോഗ്രാം മാനേജർമാരും ഡി.ടി.പി ഓപ്പറേറ്റർമാരുമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. വാക്സിനെടുക്കാനെത്തുന്നവരുടെ സമയം ഇവർ വേണ്ടപ്പെട്ടവർക്കായി മാറ്റി അവരെ തിരുകിക്കയറ്റുകയാണെന്നാണ് ആരോപണം. പലയിടങ്ങളിലും വാക്സിനെടുക്കാനെത്തുന്നവരും അധികൃതരും തമ്മിൽ വാക്കേറ്റത്തിനിടയാകുന്നതും ഇതുമൂലമാണത്രെ.

 കാത്തിരിപ്പ്

1200 സർക്കാർ കേന്ദ്രങ്ങളിലും 325 സ്വകാര്യ ആശുപത്രികളിലുമാണ് ഇന്നലെ വാക്സിൻ നൽകിയത്. 477,770 ഡോസ് വാക്സിനാണ് സ്റ്റോക്കുണ്ടായിരുന്നത്. ആവശ്യത്തിന് വാക്സിനുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കാരണം വാക്സിനെടുക്കാൻ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണവും ഓരോ ദിവസവും കൂടുകയാണ്.

 നിയന്ത്രണം

തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ വാക്സിനേഷൻ കേന്ദ്രത്തിൽ തിരക്കായതോടെ ടൈം സ്ലോട്ട് ലഭിച്ചവരെ മാത്രമാണ് ഇന്നലെ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് കയറ്റിവിട്ടത്. ക്യൂ നിൽക്കാതെ ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു. നിശ്ചിത സമയം നൽകിയാണ് ആളുകളെ പ്രവേശിപ്പിച്ചത്.