കൊവിഡ് 19: വീണ്ടും 3000 കടന്ന് രോഗബാധിതർ

Wednesday 28 April 2021 12:03 AM IST

മലപ്പുറം : ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും 3000 കടന്ന് ജില്ലയിലെ കൊവിഡ് ബാധിതർ. 3,251 പേർക്കാണ് ഇന്നലെ ജില്ലയിൽ കൊവിഡ്-19 സ്ഥിരീകരിച്ചത്. ജില്ലയിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26,145 ആയി.

ഇന്നലെ രോഗബാധിതരായവരിൽ 3,097 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. 143 പേർക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈറസ് ബാധിതരിൽ രണ്ട് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരും ഒമ്പത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയിൽ 660 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

42,646 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 542 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 263 പേരും 207 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.