ലീവില്ല: പൊലീസ് സ്റ്റേഷനിൽ ഹൽദി നടത്തി ഉദ്യോഗസ്ഥ

Wednesday 28 April 2021 12:00 AM IST

 വീഡിയോ വൈറലായി

ജയ്‌പൂർ: ഉത്തരേന്ത്യയിൽ കല്യാണത്തോളം പോന്ന ആഘോഷമാണ് 'ഹൽദി". പെൺകുട്ടിയും വീട്ടുകാരും കൂട്ടുകാരും മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് ആടിയും പാടിയും സന്തോഷിക്കുന്ന ദിനം. കല്യാണത്തിന് മുമ്പായിട്ടാണ് ഹൽദി സംഘടിപ്പിക്കുന്നത്.

ആഷ റോത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥ കല്യാണവും ഹൽദിയുമൊക്കെ മുൻകൂട്ടി നിശ്ചയിച്ച് ലീവിന് അപേക്ഷിച്ചിരുന്നെങ്കിലും

കൊവിഡിന്റെ രണ്ടാം വരവ് വില്ലനായി. ലീവ് റദ്ദാക്കേണ്ടി വന്നു. ഇതോടെ സഹപ്രവർത്തകർ തന്നെ ആഷയുടെ ഹൽദി ഗംഭിരമാക്കി.സ്വന്തം ഹൽദി ചടങ്ങുകൾ പൊലീസ് സ്റ്റേഷനിൽ വച്ച് നടത്തിയ യുവതിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

രാജസ്ഥാനിലെ ദഗർ പൂരിലാണ് സംഭവം. പൊലീസ് സ്റ്റേഷന് മുന്നിൽ മഞ്ഞ വസ്ത്രത്തിൽ കസേരയിൽ ഇരിക്കുന്ന ആഷയെ വീഡിയോയിൽ കാണാം. യൂണിഫോം ധരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർ ആഷയെ മഞ്ഞളിൽ കുളിപ്പിക്കുന്നതും പാട്ടുപാടുന്നതും മധുരപലഹാരങ്ങൾ കഴിപ്പിക്കുന്നതും കാണാം.

കൊവിഡ് വ്യാപിച്ചതോടെ കഴിഞ്ഞവർഷം നിശ്ചയിച്ച ആഷയുടെ വിവാഹം ഈ വർഷത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇത്തവണയും വൈറസ് വ്യാപനം ശക്തമായതോടെ വലിയ ആഘോഷങ്ങളില്ലാതെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചു. ലീവില്ലാത്തതിനാൽ ഹൽദി വീട്ടിൽ നടത്താൻ സാധിച്ചില്ല. ഇതറിഞ്ഞ സഹപ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ തന്നെ ആഷയുടെ ഹൽദി നടത്തുകയായികുന്നു. ഈ മാസം അവസാനമാണ് ആഷയുടെ വിവാഹം.