സോളാർ കേസിൽ സരിതയ്ക്ക് 6 വർഷം കഠിനതടവ്

Wednesday 28 April 2021 12:00 AM IST

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ രണ്ടാം പ്രതി സരിത എസ്. നായരെ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (3) ആറ് വർഷം കഠിന തടവിനും 40,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ കൊവിഡ് ക്വാറന്റൈനിലായതിനാൽ ശിക്ഷ പിന്നീട് പ്രസ്താവിക്കും. മൂന്നാം പ്രതി മണിമോനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേവിട്ടു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.

വിശ്വാസവഞ്ചന, ചതി, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് സരിതയ്ക്കെതിരെ ചുമത്തിയിരുന്നത്. പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

കോഴിക്കോട് സെന്റ് വിൻസെന്റ് കോളനിയിലെ ഫജർ ഹൗസിൽ അബ്ദുൾ മജീദ് ഒൻപത് വർഷം മുമ്പ് നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2012 മേയിൽ ബിജു രാധാകൃഷ്ണനും സരിതയും ഡോ. ആർ.കെ. നായർ, ലക്ഷ്മി നായർ എന്നീ പേരുകളിൽ പരിചയപ്പെടുത്തി മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാൻ 42. 7 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. കബളിപ്പിക്കപ്പെട്ടതായി ബോദ്ധ്യമായതോടെ അബ്ദുൾ മജീദ് 2012 ഡിസംബറിൽ കസബ പൊലീസിൽ പരാതി നൽകി. 2013 ഒക്ടോബറിൽ 29 ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായെങ്കിലും ജാമ്യത്തിലിറങ്ങിയ സരിതയും ബിജു രാധാകൃഷ്ണനും തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതു കാരണം വിധിപ്രസ്താവം പലതവണ മാറ്റിവയ്ക്കേണ്ടിവന്നു. ഇതിനിടയിൽ മജിസ്ട്രേട്ടിന് സ്ഥലംമാറ്റവുമായി. പിന്നീട് ചുമതലയേറ്റ മജിസ്ട്രേട്ട് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ കഴിഞ്ഞയാഴ്ച സരിതയെ തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.