കണ്ണൂർ അസി. പ്രൊഫസർ നിയമനം: തുടർ നടപടി മേയ് 7 വരെ ഹൈക്കോടതി തടഞ്ഞു

Wednesday 28 April 2021 12:00 AM IST

കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ കണ്ണൂർ സർവകലാശാലയിലെ എച്ച്.ആർ.ഡി സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് തിരക്കിട്ട് ഒാൺലൈൻ ഇന്റർവ്യൂ നടത്തിയെന്നാരോപിച്ച് ഉദ്യോഗാർത്ഥിയായ ഡോ. എം.പി. ബിന്ദു നൽകിയ ഹർജിയിൽ നിയമന നടപടി ഹൈക്കോടതി മേയ് ഏഴു വരെ തടഞ്ഞു.

ഇലക്ഷൻ കമ്മിഷന്റെ അനുമതി വാങ്ങാതെയാണ് ഇന്റർവ്യൂവെന്നും യു.ജി.സിയുടെ പൂർണ സാമ്പത്തിക സഹായമുള്ള സെന്ററിലെ നിയമനത്തിന് യു.ജി.സിയുടെ അനുമതി വാങ്ങിയില്ലെന്നും ആരോപിക്കുന്ന ഹർജി ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. ഈ തസ്തികയിൽ സ്ഥിരം നിയമനത്തിന് സർക്കാർ കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റിക്ക് അനുമതി നൽകിയിരുന്നു. 2020 ജൂൺ 29ന് വിജ്ഞാപനമിറക്കി. 30 പേരെ ഏപ്രിൽ 16,17 തീയതികളിൽ തിരക്കിട്ട് ഒാൺലൈൻ ഇന്റർവ്യൂ നടത്തിയെന്നാണ് ആരോപണം. സർവകലാശാലയുടെ വിശദീകരണം തേടിയ ഹൈക്കോടതി, ഹർജി ഏഴിനു വീണ്ടും പരിഗണിക്കും.

ആരോപണങ്ങൾ, ആവശ്യങ്ങൾ

ഭരണകക്ഷി എം.എൽ.എ എ.എൻ. ഷംസീറിന്റെ ഭാര്യ പി.എം. സഹലയ്ക്ക് നിയമനം നൽകാനാണ് തിരക്കിട്ടുള്ള ഇന്റർവ്യൂ.

അദ്ധ്യാപന - ഗവേഷണ പരിചയമോ മെറിറ്റോ കണക്കിലെടുക്കാതെ ഇന്റർവ്യൂവിലെ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമനം നടത്തുമെന്ന് ആശങ്ക.

നിയമനങ്ങളിൽ സംവരണം പാലിക്കാൻ വിവിധ വകുപ്പുകളിലെ ഒരേ തസ്തികകളിലുള്ള ഒഴിവുകൾ ഒന്നിച്ചു പരിഗണിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധം.

ഇൗ വ്യവസ്ഥ പാലിച്ചാൽ ഒരൊഴിവു മാത്രമുള്ള തസ്തികയിൽ സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥിയെ നിയമിക്കേണ്ടി വരും.

ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ എം.എൽ.എയുടെ ഭാര്യക്ക് നിയമനം നൽകുന്നത് തടയണം.