ജോസഫിന്റെ വീടൊരു കൗതുക പാർക്ക്

Wednesday 28 April 2021 12:58 AM IST

കളമശേരി: പുരാവസ്തുക്കൾ വില കൊടുത്തു വാങ്ങിയും പാഴ്‌വസ്തുക്കൾ ശേഖരിച്ചും വീട്ടിലും പറമ്പിലും കൗതുക കാഴ്ചകൾ ഒരുക്കിയിരിക്കുകയാണ് ഏലൂരിലെ മുൻ കൗൺസിലർ കൂടിയായ പാതാളം വാടയ്ക്കൽ വീട്ടിലെ ജോസഫ് ഷെറിൻ. ഒരിക്കൽ യാത്രയ്ക്കിടെ കൊടുങ്ങല്ലൂരിനടുത്ത് വഴിയരികിൽ മാലിന്യം കത്തിക്കുന്നിടത്ത് കത്തിക്കരിഞ്ഞ് കിടന്ന പാഴ്മരങ്ങൾ വീട്ടിലെത്തിച്ച് നീർ കാക്കയും, മുതലയുമാക്കി പുനരാവിഷ്ക്കരിച്ച് പുനരുപയോഗത്തിന് അതിരുകളില്ലായെന്നു തെളിയിച്ചു.

ആർ.എൽ.വി. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനും ശില്പിയുമായ മനുഓഷോയുടെ പൂർണ പിന്തുണയുമുണ്ട്.

അന്യം നിന്നുപോയ കാളവണ്ടി, കലപ്പ , നുകം, അടിച്ചിൽ കൃഷിക്കുപയോഗിച്ചിരുന്ന പെട്ടിയും ചക്രവും, പറ , ഇടങ്ങഴി,പഴയ മണ്ണെണ്ണ വിളക്കുകൾ, പെട്രോമാക്സ് , ചെല്ലങ്ങൾ, പണപ്പെട്ടികൾ, ആഭരണപെട്ടികൾ, തൂക്ക് വിളക്കുകൾ, സോമരസ പാത്രങ്ങൾ, ചീനവല തുടങ്ങി എണ്ണിയാൽ തീരാത്തത്ര സാധനങ്ങൾ വീട് നിറയെ ശേഖരിച്ചിട്ടുണ്ട്.

2018 ലെ പ്രളയത്തിൽ ഏറെ സാധനങ്ങൾ നഷ്ടപ്പെട്ടു. പെരിയാറിന്റെ തീരത്താണ് ഈ മനോഹരമായ വീട്. മുറ്റത്ത് സൂക്ഷിച്ചിരുന്ന ചർക്ക, ആമാടപ്പെട്ടി തുടങ്ങിയവ മോഷണം പോയി. എങ്കിലും പുതുമയേറിയ സൃഷ്ടികൾക്കു വേണ്ടിയുള്ള പരിശ്രമവും അന്വേഷണവും തുടരുകയാണ് ജോസഫ്.