രണ്ടാംഘട്ട വാക്‌സിൻ രണ്ടടി അകലെ

Wednesday 28 April 2021 12:00 AM IST

കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാംഘട്ട വാക്‌സിനെടുക്കാനാകാതെ ആയിരങ്ങൾ പ്രതിസന്ധിയിൽ. നേരത്തേ ഒരു മാസത്തെ ഇടവേളയിൽ നൽകിയിരുന്ന രണ്ടാംഘട്ട വാക്‌സിൻ ഇപ്പോൾ നിശ്ചിത ദിവസം കഴിഞ്ഞാണ് ഭൂരിഭാഗം പേർക്കും ലഭിക്കുന്നത്. ആദ്യവാക്‌സിന് ശേഷം രണ്ടര മാസം പിന്നിട്ടവർ പോലും ഇക്കൂട്ടത്തിലുണ്ട്.

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്താലേ രണ്ടാംഘട്ട വാക്‌സിൻ ലഭ്യമാകൂ. ഒരാഴ്ചയായി രജിസ്‌ട്രേഷന് ശ്രമിക്കുന്ന ഭൂരിഭാഗം പേർക്കും സ്ലോട്ട് അനുവദിച്ചുകിട്ടുന്നില്ല. ബുക്ക് ചെയ്യുമ്പോൾ താമസിക്കുന്നതിന് അടുത്തുള്ള സ്ഥലമായിരുന്നു ആളുകൾ ആദ്യം തിരഞ്ഞെടുത്തിരുന്നത്. സ്ലോട്ട് ലഭ്യമല്ലാത്തതിനാൽ ജില്ലയ്ക്ക് പുറത്തുള്ള സെന്ററുകൾ തിരഞ്ഞെടുത്താൽ പോലും വാക്സിൻ ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. രണ്ടാംഘട്ട വാക്‌സിനെടുക്കേണ്ടവർക്ക് മുൻഗണന നൽകുമെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും ജനങ്ങൾ ആശങ്കയിലാണ്. വാക്‌സിൻ ലഭ്യത കൂടുന്നതിനനുസരിച്ച് നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ആദ്യ രജിസ്ട്രേഷനും പ്രശ്നം

രണ്ടാംഘട്ട വ്യാപനം രൂക്ഷമായതോടെയാണ് ജനങ്ങൾ വൻതോതിൽ വാക്‌സിനെടുക്കാൻ തുടങ്ങിയത്. ഇതോടെ വാക്‌സിൻ ക്ഷാമവും രൂക്ഷമായി. ആദ്യഘട്ട വാക്‌സിൻ രജിസ്‌ട്രേഷൻ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ രണ്ടു ദിവസമായി അതിനും സ്ലോട്ട് കിട്ടുന്നില്ലെന്ന് പരാതിയുണ്ട്.

ഇന്നലെ രജിസ്ട്രേഷന് ശ്രമിച്ചവർക്ക് മേയ് അഞ്ചുവരെ സ്ലോട്ട് ലഭ്യമല്ല എന്ന വിവരമാണ് ലഭിക്കുന്നത്. ദിശയിൽ (1056) ബന്ധപ്പെടുന്നവർക്ക് വാക്സിൻക്ഷാമം മൂലമാണ് സ്ലോട്ട് ലഭിക്കാത്തതെന്ന മറുപടിയാണ് ലഭിക്കുന്നത്.

ജില്ലയിൽ വാക്സിൻ എടുത്തവർ: 5,08731 (ഇന്നലെ 2.30 വരെ)

ആദ്യ ഡോസ് മാത്രം ലഭിച്ചവർ: 4,26919

രണ്ട് ഡോസും ലഭിച്ചവർ: 81,812

 കേന്ദ്ര സർക്കാരാണ് രജിസ്‌ട്രേഷൻ പോർട്ടൽ നിയന്ത്രിക്കുന്നത്. രണ്ടാംഘട്ട വാക്‌സിന് രജിസ്റ്റർ ചെയ്യാൻ ചില പ്രായോഗിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അത് ജില്ലയിലെ മാത്രം പ്രശ്‌നമല്ല. രാജ്യത്താകെ ഈ പ്രതിസന്ധിയുണ്ട്.

ബി. അബ്ദുൾ നാസർ, ജില്ലാ കളക്ടർ