കേന്ദ്ര വാക്സിൻ നയത്തിനെതിരെ എൽ.ഡി.എഫ് പ്രതിഷേധം ഇന്ന്
Wednesday 28 April 2021 4:30 AM IST
തിരുവനന്തപുരം: സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഇടതുജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
മനുഷ്യ ജീവന് വില കൽപ്പിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചും എല്ലാവർക്കും സൗജന്യ വാക്സിൻ നടപ്പാക്കിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചുമാണ് വൈകിട്ട് അഞ്ചര മുതൽ ആറ് വരെ വീട്ടുമുറ്റങ്ങളിലും മറ്റും എൽ.ഡി.എഫ് നേതൃത്വത്തിൽ പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധിക്കുന്നത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വൈകിട്ട് അഞ്ചരയ്ക്ക് പാർട്ടി സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം.എൻ. സ്മാരകത്തിന് മുന്നിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കും.