നേരിട്ടുവാങ്ങുന്ന വാക്സിൻ രണ്ടാഴ്ചയ്ക്കകം കിട്ടിയേക്കും # രജിസ്ട്രേഷൻ തടസ്സം സ്റ്റോക്ക് കുറഞ്ഞതിനാൽ 

Wednesday 28 April 2021 1:13 AM IST

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള അൻപത് ലക്ഷം ഡോസ് വാക്സിനും സംസ്ഥാനം നേരിട്ട് വാങ്ങുന്ന വാക്സിനും അടുത്ത രണ്ടാഴ്ചക്കുള്ളിൽ എത്തിക്കാൻ തീവ്രശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മേയ് പകുതിക്കു മുമ്പ് എത്ര വാക്സിൻ ലഭ്യമാകും. തുടർന്നുള്ള രണ്ടാഴ്ചകളിൽ എത്ര കിട്ടും തുടങ്ങിയ കാര്യങ്ങളാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ച ചെയ്തുവരുന്നത്. ഉടൻ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

വാക്സിൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുന്നുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തശേഷം സ്‌ളോട്ട് ലഭിക്കുന്നില്ലെന്നാണ് മുഖ്യ പരാതി. വാക്സിന്റെ ദൗർലഭ്യമാണ് കാരണം. കൈവശമുളളത് 3, 68,840 ഡോസ് വാക്സിൻ മാത്രം. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്സിൻ ഒന്നിച്ച് ലഭ്യമാക്കാൻ ആവശ്യപ്പെട്ടത്. ഒന്നോ രണ്ടോ ദിവസത്തേയ്ക്കുള്ള കണക്കു വച്ച് ലഭ്യമാക്കിയാൽ മതിയല്ലോ എന്നാണ് അവരുടെ ധാരണ.

അതാണ് സ്‌ളോട്ടുകൾ കിട്ടാൻ തടസ്സം. ഡിമാൻഡ് അനുസരിച്ച് കുറേ ദിവസങ്ങൾ മുൻകൂട്ടി സ്‌ളോട്ടുകൾ അനുവദിക്കേണ്ടി വരും. അതിന് പരമാവധി വാക്സിൻ സ്‌റ്റോക്ക് വേണം. സ്‌റ്റോക്ക് കുറവായതിനാൽ ഇതു സാധ്യമാകുന്നില്ല.

വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ളത് തൊട്ടുമുൻപുള്ള ദിവസമാണ് ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നത്. ആ രീതിയിൽ സ്‌ളോട്ടുകൾ രജിസ്‌ട്രേഷനായി അനുവദിക്കുമ്പോൾ അല്പ സമയത്തിനുള്ളിൽ തീരുകയാണ്. വാക്സിൻ ദൗർലഭ്യം മാറിയാലേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ.

തിരുവനന്തപുരത്ത് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 51 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സുഗമമായി നടക്കുന്നുണ്ട്. ജില്ലയിൽ മാസ് വാക്സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ക്രമീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ സ്‌പെഷ്യൽ തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയമിച്ചു.

നേരിട്ട് വാങ്ങുന്ന വാക്സിൻ അടുത്ത രണ്ടാഴ്ചക്കുള്ളിൽ എത്തിക്കാൻ ശ്രമം