ക്വാറന്റൈൻകാരെ സഹായിക്കാൻ ബുളളറ്റിലെത്തും വനിതാ പൊലീസ്

Wednesday 28 April 2021 1:18 AM IST

തിരുവനന്തപുരം : കൊവിഡ് ബാധിത പ്രദേശങ്ങളിൽ അസുഖ ബാധിതരെയും ക്വാറന്റൈനിൽ കഴിയുന്നവരെയും നിരീക്ഷിക്കുന്നതിനും സഹായിക്കുന്നതിനും വനിതാ പൊലീസ് ബുളളറ്റിലെത്തും. തൃശൂർ സിറ്റിയിൽ വിജയകരമായി നടപ്പാക്കിയ ബുള്ളറ്റ് പട്രോൾ സംഘത്തെ എല്ലാ ജില്ലയിലും വ്യാപിപ്പിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകി.

വോട്ടെണ്ണൽ ദിവസം പോളിംഗ് ഏജന്റുമാർക്ക് ആർ.ടി.പി.സി.ആർ പരിശോധനാഫലം വേണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ,തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമനുസരിച്ച് തലേ ദിവസത്തെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് റിസൽട്ടുള്ളവരെയും പ്രവേശിപ്പിക്കും. നിയമലംഘകരെ കണ്ടെത്തുന്നതിന് ഡ്രോൺ നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. മാസ്‌ക് ധരിക്കാത്ത 20,214 പേർക്കെതിരെയാണ് 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 കേസുകളും.

കൊവിഡ് :അശ്രദ്ധ ഉറ്റവരുടെ

ജീവനെടുക്കും-മുഖ്യമന്ത്രി

വൈറസ് വ്യാപനം രൂക്ഷമായിരിക്കെ, ചെറിയ അശ്രദ്ധ ഉറ്റവരുടെ ജീവൻ നഷ്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തന്റെ അശ്രദ്ധ കൊണ്ടാണ് അമ്മ മരണപ്പെട്ടതെന്ന് പറഞ്ഞ് ആശുപത്രിയിൽ വിലപിക്കുന്ന ഒരു യുവാവിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വായിക്കാനിടയായി. സ്വന്തം ജാഗ്രതക്കുറവ് കാരണം ഏറ്റവും പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെടുന്നതിൽ കവിഞ്ഞ് വലിയ വേദന എന്താണുള്ളത്. അത് കുറ്റബോധമായി ജീവിതകാലം മുഴുവൻ വേടയാടും. അതു സംഭവിക്കില്ലന്ന് നമ്മളെല്ലാവരും ഉറപ്പു വരുത്തണം. - മുഖ്യമന്ത്രി പറഞ്ഞു.