ഇനി പെട്ടി പൊട്ടിക്കുന്ന സമയം; ഭരണകർത്താക്കളും ഉദ്യോഗസ്ഥരുമെല്ലാം അന്തിച്ച് നിൽക്കുന്ന സമയം

Wednesday 28 April 2021 1:21 AM IST

കൊവിഡ് കാലത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രചാരണവും വോട്ടെടുപ്പും തൃശൂർ പൂരവും പെരുന്നാളുകളുമെല്ലാം കൊണ്ടാടിക്കഴിഞ്ഞു. ഇനി വോട്ടിട്ട യന്ത്രം അഥവാ പെട്ടി പൊട്ടിക്കുന്ന സമയമാണ്. അതിന് മുൻപേ കൊവിഡ് അതിന്റെ കൂട് പൊട്ടിച്ച് അട്ടഹസിച്ച് രണ്ടാംതരംഗമായി നൃത്തം ചെയ്യാൻ തുടങ്ങിക്കഴിഞ്ഞു. ആയിരവും രണ്ടായിരവും കടന്നു കഴിഞ്ഞു ജില്ലയിലെ പ്രതിദിന രോഗികൾ. ഇനി എന്തുചെയ്യുമെന്ന് ജനപ്രതിനിധികളും ഭരണകർത്താക്കളും ഉദ്യോഗസ്ഥരുമെല്ലാം അന്തിച്ച് നിൽക്കുന്ന സമയം. വോട്ടർമാരാകട്ടെ, തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയപാർട്ടികളുടെ ഉത്സവത്തെ കുറ്റപ്പെടുത്തുന്നുണ്ട് . നൂറുകണക്കിന് പേർ പ്രചാരണത്തിന് കൂട്ടംകൂടി ആഘോഷിച്ചശേഷം പോളിംഗ് ബൂത്തിൽ സാമൂഹിക അകലം പാലിക്കാനും സാനിറ്റൈസർ നൽകാനും മാസ്ക് ഉറപ്പാക്കാനുമുളള അതീവശ്രദ്ധ കണ്ട് പലരും പരിഹസിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ആഘോഷിക്കുക, എന്നത് സർവകക്ഷി തീരുമാനമാണെന്ന് കളിയാക്കിയവരുമുണ്ട്.

പ്രതിദിന കൊവിഡ് രോഗികൾ നാല് ദിവസം കൂടുമ്പോൾ ഇരട്ടിച്ചേക്കുമെന്ന് കണക്കുകൂട്ടി ജില്ലയിലെ രോഗവ്യാപനം നേരിടാനുള്ള ഓക്‌സിജനും വെന്റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട് ആരോഗ്യവകുപ്പ്. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവർത്തനം നടക്കുന്നത്. അടുത്തമാസം ആദ്യത്തോടെ പതിനായിരം പ്രതിദിനരോഗികൾ ഉണ്ടായാൽ സ്ഥിതിഗതികൾ നിയന്ത്രണം വിടുമെന്ന ആശങ്കയുമുണ്ട്. എറണാകുളം, കോഴിക്കോട് ജില്ലകളിലുള്ളതു പോലെ ഗുരുതരാവസ്ഥയിലല്ല ജില്ല. എങ്കിലും, അന്തർസംസ്ഥാന യാത്രക്കാരുടെ വരവ് കൂടുകയും മഹാരാഷ്ട്രയിൽ ശക്തമായ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തിലെത്തുകയും ചെയ്താൽ തൃശൂർ അടക്കമുള്ള ജില്ലകളിൽ അതിന്റെ പ്രത്യാഘാതമുണ്ടാകുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആശങ്ക. വൈറസിന്റെ യു.കെ വകഭേദം വേഗത്തിൽ പടരുന്നുവെന്ന റിപ്പോർട്ടുകളും ആശങ്കപ്പെടുത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളും മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലുമെല്ലാം ജോലി ചെയ്യുന്നവരും ഏറെയുള്ള ജില്ലകളിലൊന്നാണിത്.

അവർ തിരിച്ചുവരുമ്പോൾ കൃത്യമായ ക്വാറന്റൈൻ നടപ്പാക്കുന്നതും വെല്ലുവിളിയാകും. മറ്റ് ജില്ലകളിൽ നിന്ന് രോഗികളെ ചികിത്സയ്ക്കായി തൃശൂരിലേക്ക് അയയ്ക്കാനുളള സാദ്ധ്യതകളും ആലോചിച്ചിരുന്നു. ഈ നീക്കം പിന്നീട് ഉപേക്ഷിച്ചു. കൊവിഡ് നെഗറ്റീവായി കണക്കാക്കണമെങ്കിൽ പത്താം ദിവസം ആന്റിജൻ ടെസ്റ്റ് വേണമെന്ന നിർദ്ദേശം ഒഴിവാക്കി ഡിസ്ചാർജ് മാർഗരേഖ പുതുക്കിയത് അല്‌പം ആശ്വാസം പകരും. കിടക്കകൾക്കും ആശുപത്രി സംവിധാനങ്ങൾക്കും ക്ഷാമം നേരിടുമ്പോൾ അനാവശ്യമായി ആശുപത്രിയിൽ തുടരുന്നവരെ ഒഴിവാക്കാനും അത്യാവശ്യക്കാർക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കാനും പുതിയ മാനദണ്ഡം ഉപകരിക്കും. അതേസമയം വീട്ടിൽക്കഴിയുന്ന ആരോഗ്യപ്രശ്‌നമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയും വരും.

ജില്ലാ ജനറൽ ആശുപത്രിയിൽ രണ്ട് കൊവിഡ് വാർഡുകൾ കൂടി തുടങ്ങി. നിലവിൽ രണ്ട് വാർഡുകളും ഒരു പേവാർഡും കൊവിഡ് രോഗികൾക്കായി മാറ്റിയിട്ടുണ്ട്. ഓർത്തോ, സർജറി വിഭാഗങ്ങളിലെ രോഗികളെ കിടത്തി ചികിത്സിക്കുന്ന വാർഡുകളാണ് ഇനി കൊവിഡ് വാർഡാക്കുക. ഈ വാർഡുകളിലുള്ള രോഗികളെ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശങ്കകൾ ഇനിയും ബാക്കിയാണ്. രോഗികൾക്ക് ആനുപാതികമായി താലൂക്ക് ആശുപത്രികളിൽ വേണ്ടത്ര ഐ.സി.യു. സംവിധാനം ഇല്ല. ആദ്യതരംഗത്തേക്കാൾ രണ്ടാമത്തേതിൽ കൂടുതൽ പേർ ഗുരുതരാവസ്ഥയിലാകുന്നു.

കഴിഞ്ഞ വർഷം ഒരു ശതമാനത്തിനാണ് ആരോഗ്യനില ഗുരുതരമായതെങ്കിൽ നിലവിൽ മൂന്ന് ശതമാനമായി പെട്ടെന്ന് കൂടിയാൽ ആശുപത്രിക്കിടക്കകളും വെന്റിലേറ്ററുകളും തികയാതെ വരും. പ്രതിദിനരോഗികളിൽ പത്ത് ശതമാനത്തിലേറെ പേർക്ക് വെന്റിലേറ്ററുകൾ വേണ്ടിവരുമെന്നാണ് നിഗമനം.. അങ്ങനെ നീണ്ടുപോകുന്ന ആശങ്കകളുടെ പട്ടിക.

മെഡിക്കൽ കോളേജിൽ നിൽക്കാനിടമില്ല

കിടക്ക ലഭ്യമല്ലാത്തതിനാൽ കൊവിഡ് രോഗികൾക്ക് തറയിൽ കിടത്തി ചികിത്സ നൽകേണ്ടി വന്നതിന്റെ പിന്നാലെ, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് പരിശോധനകളിൽ സുരക്ഷാമാനദണ്ഡം പാളുകയായിരുന്നു. പൊസിറ്റീവ് ആയേക്കാവുന്ന രോഗികൾ കൂട്ടംകൂടി നിന്നാണ് പരിശോധനയ്ക്ക് സ്രവം എടുക്കുന്നത് . ഉടനെ അറിയുന്ന ആന്റിജൻ പരിശോധനകളും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കുള്ള സ്രവവും ഇവിടെ ശേഖരിക്കുന്നുണ്ട്.

അതേസമയം, കൊവിഡ് ബ്ലോക്കിലെ നാല് വാർഡുകളിലായുള്ള 280 കിടക്കകളും രോഗികളെ കൊണ്ടു നിറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഐ.സി.യുവിൽ ഒരു രോഗിയെപ്പോലും അധികമായി കിടത്താൻ കഴിയാത്ത വിധം 42 കിടക്കകളും മുഴുവൻ സമയവും നിറഞ്ഞു. അത്യാസന്ന നിലയിലാകുന്ന രോഗികളെ കിടത്താൻ കൂടുതൽ ഐ.സി.യു സൗകര്യം ഒരുക്കണമെന്ന ആവശ്യമുയരുന്നുണ്ട്. 80 വെന്റിലേറ്ററുകൾ മെഡിക്കൽ കോളേജിലുണ്ട്. കൊവിഡ് വാർഡുകളിലെ ഓരോ കിടക്കയ്ക്കരികിലും കേന്ദ്രീകൃത സംവിധാനത്തിലൂടെ ഓക്‌സിജൻ എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനാൽ വെന്റിലേറ്ററിൽ കയറ്റാതെ കൂടുതൽ രോഗികൾക്ക് ഓക്‌സിജൻ നൽകാനാകുന്നുണ്ടെന്നും അധികൃതർ പറയുന്നു.

എന്നാൽ ആശ്വസിക്കാനും വകയുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിദിനം ശരാശരി 300 യൂണിറ്റ് ലഭ്യമാക്കാവുന്ന പുതിയ ഓക്‌സിജൻ ഉത്‌പാദന പ്ലാന്റ് ഒരാഴ്ചയ്ക്കകം പ്രവർത്തിക്കും. കേന്ദ്ര സർക്കാർ അനുവദിച്ച ഒന്നരക്കോടിയാണ് ഇതിനായി വിനിയോഗിക്കുക. പ്ലാന്റ് പ്രവർത്തന സജ്ജമാകുന്നതോടെ വിതരണ കമ്പനികളെ ആശ്രയിക്കാതെ ആവശ്യമായ ഓക്‌സിജൻ കുറഞ്ഞ ചെലവിൽ ആശുപത്രിയിൽ ഉത്‌പാദിപ്പിക്കാം. കൊവിഡ് ചികിത്സയ്ക്ക് അത്യാവശ്യമായ വെന്റിലേറ്ററുകളുടെ ക്ഷാമമാണ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ വഴിയൊരുക്കിയത്.

രക്തദാനത്തിന് തയ്യാറാവണം

18 വയസിന് മുകളിലുള്ളവർ വാക്‌സിൻ എടുത്ത് തുടങ്ങിയാൽ ഉടനെ രക്തം ദാനം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ബ്ലഡ് ബാങ്കുകളിൽ രൂക്ഷമായ ക്ഷാമം ഉണ്ടാകാനുള്ള സാഹചര്യം തിരിച്ചറിഞ്ഞ് ജില്ലയിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുൻകൂട്ടി രക്തം ദാനം ചെയ്യണമെന്നും ഡി.സി.സി. പ്രസിഡന്റ് എം.പി വിൻസെന്റ് നിർദ്ദേശിച്ചിട്ടുണ്ട്. ഡി.സി.സി.യുടെ നേതൃത്വത്തിൽ കൊവിഡ് കൺട്രോൾ റൂം ആരംഭിക്കുകയും അതത് മണ്ഡലങ്ങളിലെ പൊതുജനങ്ങളെ സഹായിക്കുന്നതിനായി സൗജന്യ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.