ഭരണംകിട്ടിയാൽ എൽഡിഎഫിൽ മന്ത്രിമാരാകാൻ പോകുന്നതിവരാണ്, സാദ്ധ്യത കോൺഗ്രസിനാണെങ്കിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുക ഒരേയൊരു ഘടകം

Wednesday 28 April 2021 12:40 PM IST

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തോട് അടുക്കുന്തോറും അധികാരം കൈയെത്തും ദൂരത്തെന്ന് കണക്കുകൂട്ടുന്ന ഇരു മുന്നണികളെയും അടിയൊഴുക്കിൽ അടിതെറ്റുമെന്ന ആശങ്ക വിട്ടൊഴിയുന്നില്ല. ഇക്കര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വലിയ വ്യത്യാസമില്ല.

വാശിയേറിയ ത്രികോണപ്പോര് നടന്ന നേമം കൈവിടുമോ, നേമം വീണ്ടും കിട്ടുന്നതിനൊപ്പം മറ്റു സീറ്റുകൾ സ്വന്തമാവുമോ തുടങ്ങിയ ചിന്തകളാണ് ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നത്. തുടർഭരണം കൈവിട്ടാൽ, സി.പി.എമ്മിലും സി.പി.ഐയിലും സ്ഥാനാർത്ഥിനിർണയമടക്കം ഉൾപ്പാർട്ടി വിമർശനത്തിന് വിധേയമാവും. മറിച്ചായാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം അജയ്യമാവും.

ഭരണം തിരിച്ചുപിടിക്കാനായില്ലെങ്കിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വം ചോദ്യംചെയ്യപ്പെടും. മറിച്ചായാൽ, അഴിമതി ആരോപണങ്ങൾകൊണ്ട് സർക്കാരിനെ പ്രഹരിച്ച് വിജയം കൈവരിച്ച നായകനായി ചെന്നിത്തല വാഴ്ത്തപ്പെടും.

എൽ.ഡി.എഫിൽ മന്ത്രിമാരാകാൻ

തുടർഭരണം കിട്ടിയാൽ പുതുമുഖങ്ങൾ ഉൾപ്പെട്ടതാവും പിണറായി മന്ത്രിസഭ. കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, എം.എം. മണി, ഒരുപക്ഷേ കെ.ടി. ജലീൽ, എ.സി. മൊയ്തീൻ എന്നിവരിൽ ചിലർക്ക് വീണ്ടും അവസരം കിട്ടിയേക്കാം. മുൻമന്ത്രിയും മുൻ സ്പീക്കറുമായ കെ. രാധാകൃഷ്ണൻ മന്ത്രിസഭയിലെത്തും. കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി. ജയരാജന് പകരം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദനെത്തും. പൊന്നാനിയിൽ പി. നന്ദകുമാർ വിജയിച്ചാൽ, സി.ഐ.ടി.യു പ്രാതിനിദ്ധ്യമായി പരിഗണിച്ചേക്കാം.

നിലമ്പൂരിൽ വീണ്ടും ജയിച്ചാൽ മലപ്പുറത്തെ മുസ്ലിം പ്രാതിനിദ്ധ്യത്തിന്റെ പേരിൽ പി.വി. അൻവർ അവകാശവാദം ഉന്നയിച്ചേക്കാം. കെ.ടി. ജലീൽ ഇല്ലാതെ വന്നാലേ ആ സാദ്ധ്യതയുള്ളൂ. തൃത്താലയിൽ വിജയിച്ചാൽ എം.ബി. രാജേഷിന് അവസരം കിട്ടാം. കളമശ്ശേരിയിൽ വിജയിച്ചാൽ പി. രാജീവും കൊട്ടാരക്കരയിൽ വിജയിച്ചാൽ കെ.എൻ. ബാലഗോപാലും മന്ത്രിസഭയിലെത്തും. ഇരുവരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണ്. വനിതാപ്രാതിനിദ്ധ്യം ഒരാളിലൊതുങ്ങാനും മതി. നേമം തിരിച്ചുപിടിച്ചാൽ വി. ശിവൻകുട്ടിയോ വട്ടിയൂർക്കാവിൽ വീണ്ടും ജയിച്ചാൽ വി.കെ. പ്രശാന്തോ മന്ത്രിസഭയിലെത്തിയേക്കും.

സി.പി.ഐയിൽ ജെ. ചിഞ്ചുറാണി, പി.എസ്. സുപാൽ, ചേർത്തലയിലെ പി. പ്രസാദ്, ചിറ്റയം ഗോപകുമാർ, ഇ.കെ. വിജയൻ, ഇ.ടി. ടൈസൺ എന്നിങ്ങനെ പലരും പരിഗണനയിലുണ്ട്. പാലാ പിടിച്ചാൽ ജോസ് കെ.മാണി മന്ത്രിയെന്ന് ഉറപ്പ്. ഒരു മന്ത്രിസ്ഥാനം കൂടി കേരള കോൺഗ്രസിന് കിട്ടിയേക്കാം. ഗണേശ്കുമാർ പത്തനാപുരത്ത് വിജയിച്ചാൽ മന്ത്രിസഭയിലെത്തിയേക്കും.

യു.ഡി.എഫിൽ മുഖ്യമന്ത്രി?

യു.ഡി.എഫ് വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നതാണ് മുഖ്യവിഷയം എം.എൽ.എമാർ കൂടുതൽ ഏതുപക്ഷത്തെന്നതാവും മുഖ്യഘടകം. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കഠിനാദ്ധ്വാനം ചെയ്ത പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്കാണ് മുൻഗണന. ഉമ്മൻ ചാണ്ടിക്കായി എ ഗ്രൂപ്പ് ശക്തമായി രംഗത്തുവന്നേക്കാം. മുസ്ലിംലീഗ് ഉപമുഖ്യമന്ത്രിപദം ചോദിച്ചേക്കാം. നേമം പിടിച്ചാൽ കെ. മുരളീധരന് സുപ്രധാനവകുപ്പ് നൽകേണ്ടിവരും. വനിതകളിൽ പത്മജ വേണുഗോപാൽ, ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരിൽ രണ്ട് പേർക്കെങ്കിലും അവസരം കിട്ടിയേക്കാം. വി.ഡി. സതീശൻ, ശബരിനാഥൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.ശിവദാസൻ നായർ, കെ.ബാബു എന്നിവർക്കും സാദ്ധ്യതയുണ്ട്.

വോട്ടെണ്ണൽ കേന്ദ്രത്തിൽ കൊവിഡ് ടെസ്റ്റ് വേണം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തുന്നവർക്ക് 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, കൗണ്ടിംഗ് ഏജന്റുമാർ, മാദ്ധ്യമ പ്രതിനിധികൾ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്. ഇവർക്കെല്ലാം പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദേശം. ആർ.ടി.പി.സി.ആർ ടെസ്റ്റ് സാദ്ധ്യമല്ലാത്ത സാഹചര്യമുണ്ടെങ്കിൽ മേയ് ഒന്നിന് ആന്റിജൻ പരിശോധയിൽ നെഗറ്റീവ് ആയവർക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാം.

Advertisement
Advertisement