ജി.ഡി.പി വളർച്ച 11 %ൽ എത്തും: എ.ഡി.ബി

Thursday 29 April 2021 12:00 AM IST

ന്യൂഡൽഹി: വാക്സിൻ ഡ്രൈവിനിടയിൽ ഇന്ത്യൻ സമ്പദ്ഘടന ഈ സാമ്പത്തികവർഷത്തിൽ 11 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്(എ.ഡി.ബി)​. ജി.ഡി.പിയിൽ വളർച്ച രണ്ടക്കം കടന്നേക്കില്ലെന്ന വാർത്തകൾക്കിടയിലാണ് ഇത്തരത്തിലുള്ള എ.ഡി.ബി റിപ്പോർട്ട്. വാക്സിനേഷൻ ദ്രുതഗതിയിൽ നടക്കുന്നതിൽ വലിയ പ്രതീക്ഷയിലാണ് സമ്പദ് വ്യവസ്ഥ. അതേസമയം,​ കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കൽ അപകടത്തിലാണെന്നും എ.ഡി.ബി പറയുന്നു. 2022 മാർച്ച് 31നാണ് 2021-22 സാമ്പത്തികവർഷം അവസാനിക്കുന്നത്.

ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ ഏഷ്യൻ ഡവലപ്മെന്റ് ഔട്ട്ലുക്കിലാണ് ഇക്കാര്യം പറയുന്നത്. ഇപ്പോഴത്തെ സാമ്പത്തിക കാലാവസ്ഥ അനുസരിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനം വളർച്ചയും ഇന്ത്യയുടെ ജി.ഡി.പിയിൽ ഉണ്ടാകും എന്നും റിപ്പോർട്ട് പറയുന്നുണ്ട്.

ഏഷ്യയുടെ ആകെ ജി.ഡി.പി 9.5 ശതമാനം വളർച്ച നേടും. 2020 ൽ ആറ് ശതമാനം കുറവായിരുന്നു ജി.ഡി.പി. 2022 ൽ 6.6 ശതമാനം വളർച്ചയും നേടുമെന്നാണ് പ്രവചനം. റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഭൂരിഭാഗം രാജ്യങ്ങളും സാമ്പത്തിക രംഗത്ത് ആരോഗ്യകരമായ വളർച്ച നേടുന്നതാണ് നടപ്പ് സാമ്പത്തിക വർഷം.

Advertisement
Advertisement