തൊഴിലിൽ ഗ്രാമീണ മേഖലയിലെ സ്ത്രീപങ്കാളിത്തം കുറവെന്ന് പഠനറിപ്പോർട്ട് ഉണരൂ, സ്ത്രീകളെ ഉണരൂ...

Friday 30 April 2021 12:00 AM IST

കൊച്ചി: ഗ്രാമീണമേഖലകളിലെ യുവാക്കളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറവെന്ന് പഠനറിപ്പോർട്ട്. തൊഴിൽ പങ്കാളിത്തത്തിൽ ലിംഗപരമായ അന്തരമുണ്ട്. തൊഴിൽ തേടുന്നതിൽ സ്ത്രീകൾ മടികാണിക്കുന്നെന്നും 18 നും 40 വയസിനുമിടയിൽ പ്രായമുള്ളവർക്കിടയിൽ സെന്റർ ഫോർ സോഷ്യോ എക്കണോമിക്ക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) നടത്തിയ പഠനത്തിലാണ് നിരീക്ഷണം. 18 മുതൽ 40 വരെ വയസുള്ള സ്ത്രീകളിൽ ജോലിയുള്ളവർ 33 ശതമാനമാണ്. പുരുഷന്മാരിൽ 70 ശതമാനത്തിനും ജോലിയുണ്ട്. 30 വയസിനു മുകളിലുള്ള യുവാക്കളിൽ ഏതാണ്ട് എല്ലാവരും ജോലിയുള്ളവരാണ്. 30 വയസിനു മുകളിലുള്ള സ്ത്രീകളിൽ 45 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്. 26 മുതൽ 30 വയസു വരെയുള്ള പുരുഷന്മാരിൽ 87 ശതമാനം ജോലി ചെയ്യുന്നുണ്ട്. ഇതേ പ്രായത്തിലുള്ള സ്ത്രീകളിൽ 41 ശതമാനമാണ് ജോലി ചെയ്യുന്നത്. പട്ടികജാതി വിഭാഗത്തിൽ 27 ഉം മുന്നാക്കവിഭാഗത്തിൽ 40 ശതമാനവും വീതമമാണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക്. പട്ടികജാതി, ഒ.ബി.സി. വിഭാഗം സ്ത്രീകൾ തൊഴിലന്വേഷിക്കുന്നുമില്ല. സ്ത്രീകളിൽ 57 ശതമാനവും ആറു മാസത്തിനിടയിൽ ഒരു അപേക്ഷ പോലും ജോലിക്കായി നൽകാത്തവരാണ്. പുരുഷന്മാരിൽ 24 ശതമാനവും.

 ഭൂരിപക്ഷവും സേവനമേഖലയിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നത് സേവനമേഖലയിലാണ്. സ്ത്രീകളിൽ 79 ശതമാനം സേവനമേഖലയിൽ ജോലി ചെയ്യുമ്പോൾ 49 ശതമാനം പുരുഷന്മാരാണ് ഈ മേഖലയിലുള്ളത്. സ്ത്രീകളിൽ പകുതി വിദ്യാഭ്യാസ,ആരോഗ്യ മേഖലകളിലാണ് ജോലി ചെയ്യുന്നത്. പുരുഷന്മാർക്കിടയിൽ 13 ശതമാനമാണ് തൊഴിലില്ലായ്‌മ നിരക്ക്. സ്ത്രീകൾക്കിടയിൽ 43 ശതമാനമാണ്. പുരുഷന്മാരിൽ തൊഴിലില്ലായ്‌മ കാര്യമായുള്ളത് 18 നും 25 മിടയിൽ പ്രായമുള്ളവരിലാണ്. സ്ത്രീകളിൽ 31 നും 35 നുമിടയിൽ പ്രായമുള്ളവർക്കും.

 കുടുംബവും കടമ്പ വിവാഹവും കുടുംബപ്രശ്‌നങ്ങളും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറയ്ക്കുന്നുണ്ട്. ജോലിയില്ലാത്ത യുവതികളിൽ 58 ശതമാനം വിവാഹവും പ്രസവവും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും തൊഴിൽസാദ്ധ്യതകളെ പ്രതികൂലമായി ബാധിച്ചുവെന്ന് അഭിപ്രായപ്പെട്ടു. പുരുഷന്മാരിൽ 4 ശതമാനം മാത്രമാണ് ഈ അഭിപ്രായക്കാർ. തൊഴിൽരഹിതരായ സ്ത്രീകളിൽ 8 ഉം പുരുഷന്മാരിൽ 12 ഉം ശതമാനവുമാണ് സർക്കാർ ജോലിക്ക് മുൻഗണന നൽകുന്നത്. സ്വയം തൊഴിൽ, സ്വന്തം സംരംഭം എന്നിവയിൽ ഭൂരിഭാഗത്തിനും താല്പര്യമില്ലെന്നും പഠനത്തിൽ പറയുന്നു.

സി.എസ്.ഇ.എസിലെ ഗവേഷകരായ ഡോ. രാഖി തിമോത്തി, അനഘ സി.ആർ., സ്വാതി മോഹനൻ, ജയൻ കെ.എം., ബിബിൻ തമ്പി എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിലെ 644 കുടുംബങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. .

 പുരുഷന്മാരിലെ തൊഴിലില്ലായ്‌മ നിരക്ക്: 13 %

 സ്ത്രീകളിലെ തൊഴിലില്ലായ്‌മ നിരക്ക്: 43 %

 ചെറുപ്പക്കാരായ ജോലിയുള്ള സ്ത്രീകൾ: 33 %

 ചെറുപ്പക്കാരായ ജോലിയുള്ള പുരുഷന്മാർ: 70 %