ഏഴുവിക്കറ്റിന് ഡൽഹിയും

Friday 30 April 2021 12:32 AM IST

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ഡൽഹി ക്യാപിറ്റൽസ് കീഴടക്കിയതും ഏഴുവിക്കറ്റിന്

അഹമ്മദാബാദ് : ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ തോൽപ്പിച്ചതും ഏഴുവിക്കറ്റിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 154/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ഡൽഹി 16.3 ഓവറിൽ ലക്ഷ്യം കണ്ടു. 43 റൺസെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലും 45 റൺസുമായി പുറത്താകാതെ നിന്ന ആന്ദ്രേ റസലുമാണ് കൊൽക്കത്തയ്ക്ക് കരുത്തായത്.പൃഥ്വി ഷായുടെയും (41പന്തുകളിൽ 82റൺസ്,11 ഫോറുകൾ മൂന്ന് സിക്സ്) ശിഖർ ധവാന്റെയും (47പന്തുകളിൽ 46റൺസ് )ഓപ്പണിംഗ് തന്നെ ഡൽഹിക്ക് വിജയം ഉറപ്പിച്ചു.13.5 ഓവറിൽ 132റൺസാണ് ഇവർ കൂട്ടിച്ചേർത്തത്.ഇരുവരും പുറത്തായശേഷം റിഷഭ് പന്തും (16) മടങ്ങി.

ഡൽഹിയുടെ സീസണിലെ അഞ്ചാം വിജയമാണിത്. പത്തുപോയിന്റുമായി ഡൽഹി രണ്ടാം സ്ഥാനത്താണ്. നാലു പോയിന്റുള്ള കൊൽക്കത്ത അഞ്ചാം സ്ഥാനത്തുണ്ട്.

ശുഭ്മാൻ ഗിൽ ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും മറ്റേയറ്റത്ത് തുടർച്ചയായി വിക്കറ്റുകൾ വീണതാണ് ആദ്യ ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. 15 റൺസെടുത്ത നിതീഷ് റാണയായണ് ആദ്യം പുറത്തായത്. അക്ഷർ പട്ടേലിന്റെ പന്തിൽ റിഷഭ് പന്ത് നിതീഷിനെ സ്റ്റംപ് ചെയ്തുവി‌ടുകയായിരുന്നു.തുടർന്നിറങ്ങിയ രാഹുൽ ത്രിപാതി 19 റൺസെ‌ടുത്ത് പത്താം ഓവറിൽ പുറത്താകുമ്പോൾ കൊൽക്കത്ത 69 റൺസിലെത്തിയിരുന്നു. തുടർന്നിറങ്ങിയ നായകൻ ഇയോൻ മോർഗനും സുനിൽ നരെയ്നും ലളിത് യാദവിന്റെ ഓവറിൽ ഡക്കായതോടെ അവർ 75/4 എന്ന നിലയിലായി.

38 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 43 റൺസ് നേടിയ ശുഭ്മുൻ 13-ാം ഓവറിലാണ് മടങ്ങിയത്. ആവേശ്ഖാനായിരുന്നു വിക്കറ്റ്. തുടർന്ന് ദിനേഷ് കാർത്തിക്കും (14) റസലും ക്രീസിലൊരുമിച്ചതോടെ സ്കോർ ബോർഡ് ഉയരാൻ തുടങ്ങി.17-ാം ഓവറിൽ കാർത്തിക് പുറത്തായെങ്കിലും റസൽ തകർത്തടിച്ച് ടീമിനെ 154ലെത്തിച്ചു.27 പന്തുകൾ നേരിട്ട റസൽ രണ്ടു ഫോറും നാലു സിക്സും പറത്തി.

Advertisement
Advertisement